ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം

By Web DeskFirst Published Nov 15, 2017, 5:01 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും ദേവസ്വം റിക്രൂട്ട്മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
 
ഈഴവ സമുദായത്തിന് ഇപ്പോഴുളള സംവരണം 14 ശതമാനത്തില്‍നിന്ന് 17 ശതമാനമായി വര്‍ധിപ്പിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സംവരണം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയരും. ഈഴവ ഒഴികെയുളള ഒ.ബി.സി സംവരണം മൂന്ന് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കൂട്ടാനും തീരുമാനമായി. ഈ തീരുമാനം നടപ്പാക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്‍റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. 

ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60 വയസ്സായും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 62 ആയും വര്‍ധിപ്പിക്കും. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളിന്‍മേല്‍ ജപ്തി നടപടികള്‍ക്ക് അനുവദിച്ച മൊറോട്ടോറിയം ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാനും റോഡ് സുരക്ഷാ അതോറിറ്റിയില്‍ ഒരു മുഴുവന്‍ സമയ റോഡ് സുരക്ഷാ കമ്മീഷണറെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
 

click me!