
തിരുവനന്തപുരം: ഭക്തിനിർഭരമായി ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു. പണ്ടാര അടുപ്പിൽ തീപകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ഇന്ന് പൊങ്കാലയര്‍പ്പിക്കുന്നതിനായി പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ഭക്തർ അണിനിരന്നിരിക്കുന്നത്.
മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്‍റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 10 15ന് പണ്ടാര അടുപ്പിൽ തീ കൊളുത്തുന്നതോടെ തുടക്കമായ പൊങ്കാലയ്ക്ക് ആയിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയിൽ അണിനിരന്നത്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നേദിക്കുന്ന ചടങ്ങ്.
ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിന്‍റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെ ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലിനുള്ളിൽ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് ഈ ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കും സഹ മേൽശാന്തി പണ്ടാര അടുപ്പിലേക്കും പകരുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായി.
ഇതേ ദീപം ഉപയോഗിച്ച് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകര്‍ന്നതോടെ ഒരാണ്ടായി ഭക്തര്‍ കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി. പണ്ടാര അടുപ്പില്‍ നിന്നും പകര്‍ന്നുകിട്ടിയ ദീപം ഭക്തര്‍ പരസ്പരം കൈമാറി പൊങ്കാലയ്ക്കായി തയ്യാറാക്കിയ തങ്ങളുടെ അടുപ്പുകളിലേക്ക് പകര്‍ന്നു. ക്ഷേത്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവ് വരെയാണ് പൊങ്കാലക്കളങ്ങൾ ഒരുങ്ങിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് തന്നെ ഭക്തർ പൊങ്കാലയിടാനുള്ള ഇടം കണ്ടെത്താൻ എത്തിയിരുന്നു.
ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് രാവിലെ ആറ്റുകാലിലേക്ക് എത്തിച്ചേര്‍ന്നത്. ബാരിക്കേഡുകൾ വെച്ചും കയറുകെട്ടിയും തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ ദർശനം നടത്തുന്നതിനുള്ള സൗകര്യം പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല പ്രമാണിച്ച് തലസ്ഥാനനഗരം പൂര്‍ണമായും സുരക്ഷാവലയത്തിലാണ്. വനിതാ പൊലീസുകാരടക്കം 3700 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.