
കണ്ണൂര്‍: കണ്ണൂര്‍ മാടായിലെ ബഡ്സ് സ്കൂളിൽ ഓട്ടിസം ബാധിച്ച വിദ്യാർത്ഥിനിയുടെ ചെവി മുറിഞ്ഞ സംഭവത്തിൽ കുടുംബം കൂടുതൽ നിയമ നടപടിക്ക്. ചെവി മുറിഞ്ഞ പെൺകുട്ടിയെ അധികൃതർ പ്രാഥമിക ചികിത്സ പോലും നൽകാതെ വീട്ടിലേക്കയച്ചതും, ശക്തമായ നടപടികളില്ലാത്തതും കാട്ടിയാണ് കുടുംബം നിയമ നടപടിക്കൊരുങ്ങുന്നത്. സംഭവത്തിൽ സ്കൂളിലെ ആയയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ 26നാണ് പെൺകുട്ടിയെ മാടായിയിലെ ബഡ്സ് സ്കൂള്‍ അധികൃതർ ചെവി മുറിഞ്ഞുപോയ നിലയിൽ വീട്ടിലേക്കയച്ചത്. മാതാപിതാക്കൾ മരണപ്പെട്ട പെൺകുട്ടിയെ സംരക്ഷിക്കുന്ന സഹോദരൻ ഇക്കാര്യം വീഡിയോ പകർത്തുകയും സ്കൂളിലെത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ സ്കൂള്‍ അധികൃതര്‍ കൃത്യമായ മറുപടി നൽകാതെ തിരികെ അയച്ചെന്ന് ഇവർ പറയുന്നു.
ചെവി എങ്ങനെ മുറിഞ്ഞെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. മാടായി പഞ്ചായത്തിന് കീഴിലാണ് ഈ ബഡ്സ് സ്കൂൾ. സ്കൂൾ ബസ് കയറുന്നതിനിടെ കുട്ടികൾ തമ്മിലുണ്ടായ പിടിവലിയിൽ സംഭവിച്ചതാണെന്നാണ് സ്കൂളധികൃതർ പറയുന്നത്. ചെവി മുറിഞ്ഞ കാര്യം ശ്രദ്ധിക്കാതെ കുട്ടിയെ വീട്ടിലയച്ചതിനാണ് ആയക്കെതിരായ നടപടിയെന്നുമാണ് വിശദീകരണം. ആദ്യഘട്ടത്തിൽ സ്കൂള്‍ അധികൃതരുടെ മറുപടി കൃത്യമായിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരും സമ്മതിക്കുന്നുണ്ട്. സംഭവത്തിൽ വ്യക്തത ലഭിക്കാതെ ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് പൊലീസ് നിലപാട്. ഈ സാഹചര്യത്തിലാണ് കൂടുതൽ നിയമനടപടികളിലേക്ക് കുടുംബം നീങ്ങുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam