
ദില്ലി: ജോലി ചെയ്യുന്ന സ്ഥാപനം മാറുന്നതിനനുസൃതമായി പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) അക്കൗണ്ടും തനിയെ മാറുന്ന സംവിധാനം അടുത്ത മാസം മുതൽ നിലവിൽ വരുന്നു. ചീഫ് പി.എഫ് കമീഷണർ വി.പി ജോയ് ആണ് ഇക്കാര്യം അറിയിച്ചത്. ജോലി മാറുമ്പോൾ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെ തുടർന്നാണ് എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ നടപടി.
മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോൾ അകാരണമായി അക്കൗണ്ട് ക്ലോസ് ചെയ്ത് വീണ്ടും അക്കൗണ്ട് തുടങ്ങുന്ന രീതി ഇനി വേണ്ടിവരില്ല. ഇപിഎഫ് അക്കൗണ്ടിന് ആധാർ നിർബന്ധമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്. സാമൂഹ്യസുരക്ഷയുടെ ഭാഗമായുള്ള സ്ഥിരം അക്കൗണ്ടാണ് പിഎഫ് അക്കൗണ്ടെന്ന് കമ്മീഷണർ വി.പി ജോയി വ്യക്തമാക്കി.
അപേക്ഷ നൽകാതെ തന്നെ മൂന്ന് ദിവസത്തിനകം അക്കൗണ്ട് മാറും. പഴയ അക്കൗണ്ടിലെ പണം പുതിയ അക്കൗണ്ടിലെത്തും. എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ വ്യാപ്തി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ആദ്യഘട്ട പ്രതികരണങ്ങൾ പോസിറ്റീവാണ്. ജനുവരി മുതൽ ജൂൺ വരെയുള്ള പ്രചാരണകാലയളവിൽ രാജ്യത്ത് ഒരു കോടിയിൽ അധികം തൊഴിലാളികളെ ചേർക്കാനായി. സേവനങ്ങൾ മെച്ചപ്പെടുത്തി അവരെ നിലനിർത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും കമ്മീഷണർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam