
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ജോര്‍ജിന് കസ്റ്റഡികൊലപാതകത്തില്‍ ബന്ധമില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഇന്‍റലിജന്‍സ് വിഭാഗത്തിലാണ് ജോര്‍ജിന് പുനര്‍നിയമനം നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
എറണാകുളം റൂറല്‍ എസ്.പിയായിരിക്കേ എ.വി.ജോര്‍ജ് രൂപം കൊടുത്ത ടൈഗര്‍ഫോഴ്സ് ആണ് ആളുമാറി ശ്രീജിത്തിനെ വീട്ടില്‍ നിന്നും പിടികൂടി കൊണ്ടു പോയത്. കസ്റ്റഡിയില്‍ വച്ചു ക്രൂരമായി മര്‍ദ്ദനമേറ്റ ശ്രീജിത്ത് പിന്നീട് മരണപ്പെട്ടിരുന്നു. നിയമവിരുദ്ധമായാണ് എസ്പി ടൈഗര്‍ഫോഴ്സിന് രൂപം കൊടുത്തതെന്നും ശ്രീജിത്ത് കൊലപാതകക്കേസില്‍ ജോര്‍ജിനെ പ്രതിയാക്കണമെന്നും ബന്ധുകള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മെയ് 11-നാണ് ജോര്‍ജിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. അതേസമയം ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam