
ചണ്ഡീഗഡ്: ആയുഷ്മാൻ ഭാരത് പദ്ധതിയിലെ ആദ്യ ഹൃദയശസ്ത്രക്രിയ ഹരിയാനയിൽ നടന്നു. ഝാര്‍ഖണ്ഡിലെ സ്വകാര്യ ആശുപത്രികളുമായുള്ള ധാരണപത്രം ആയുഷ്മാൻ ഭാരത് പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പുവെച്ചു. അതേസമയം പദ്ധതിക്കായി ഈ വര്‍ഷം ആവശ്യമുള്ളതിന്‍റെ 20 ശതമാനം തുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ആദ്യം ഹൃദയശസ്ത്രക്ക് വിധേയനായത് ഹരിയാനയിലെ ഓട്ടോ ഡ്രൈവര്‍ വിനോദ്കുമാറാണ്. ഇയാൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ കിട്ടിയെന്ന് ആയുഷ്മാൻ സി.ഇ.ഒ ഇന്ദു ഭൂഷണ്‍ അറിയിച്ചു. ചത്തീസ്ഗഗഡ്, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നാണ് പദ്ധതിക്കായുള്ള കൂടുതൽ രജിസ്ട്രേഷനുകൾ എത്തുന്നത്.
പൈലറ്റ് പദ്ധതിയായി തുടങ്ങിയ ആയുഷ്മാൻ ഭാരതിന് ഈ സാമ്പത്തിക വര്‍ഷം മാത്രം 10,000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. എന്നാൽ കേന്ദ്രം നീക്കിവെച്ചത് വെറും 2000 കോടി രൂപ മാത്രം. ഈ തുക ഉപയോഗിച്ച് ലക്ഷ്യം വെക്കുന്ന 10 കോടി പേരിൽ 10 ശതമാനം പേര്‍ക്കുപോലും 5 ലക്ഷം രൂപവെച്ച് ഇൻഷ്വറൻസ് പരിരക്ഷ നൽകാനാകില്ല.
സ്വകാര്യ മേഖലയിലെ അടക്കം 13,000 ത്തിലകം ആശുപത്രികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഈ ആശുപത്രികൾക്ക് നൽകേണ്ട തുകയുടെ കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല. ഝാര്‍ഖണ്ഡിലെ സ്വകാര്യ ആശുപത്രികളുമായുള്ള ധാരണപത്രമാണ് ഇതുവരെ ഒപ്പുവെക്കാനായത്.
ആയുഷ്മാൻ പദ്ധതിക്കായി 1110 രൂപയാണ് ഒരാളുടെ പ്രീമിയമായി സര്‍ക്കാര്‍ അടക്കുക. ഈ തുകയുടെ 40 ശതമാനം നൽകേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. സംസ്ഥാനങ്ങൾക്ക് ഇത് അധിക ബാധ്യതയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമാക്കാൻ സംസ്ഥാനങ്ങളുമായി കേന്ദ്രത്തിന് വിട്ടുവീഴ്ച ചെയ്യേണ്ടിവരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam