
കാസര്‍കോട്: കാസര്‍കോട് ചെങ്കള ബേര്‍ക്കയിലെ സ്വകാര്യ വെളിച്ചെണ്ണ ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷാവിഭാഗം നടത്തിയ റെയ്ഡില്‍ 5000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. ചെങ്കള ബേര്‍ക്കയിലെ സന ട്രേഡേഴ്‌സ് എന്ന സ്വകാര്യ ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണ പിടിച്ചെടുത്തത്.
സര്‍ക്കാര്‍ നിരോധിച്ച ബ്രാന്‍റ് ആയ പാലക്കാട്ടെ അഫിയ കോക്കനട്ട് ഓയില്‍ പേര് മാറ്റി 'കേര വാലീസ് അഗ് മാര്‍ക്ക് സെര്‍ട്ടിഫീഡ് പ്രൊഡക്‌ട്' എന്ന പേരിലാലാക്കിയാണ് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തിച്ചത്. ബേര്‍ക്കയിലെ മുഹമ്മദ് നവാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സന ട്രേഡേഴ്‌സ്. 80 ശതമാനം സസ്യ എണ്ണയും ബാക്കി വെളിച്ചെണ്ണയും ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ചത്. സന ട്രേഡേഴ്‌സ് വെളിച്ചെണ്ണയുടെ മൊത്ത വിതരണക്കാരാണെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സി.എ. ജനാര്‍ദ്ദനന്‍ പറഞ്ഞു.
പാലക്കാട്ടെ ആഫിയ കോക്കനട്ട് ഓയില്‍ കമ്പനിയില്‍ നിന്നും രണ്ട് തവണ മായം കലര്‍ന്ന വെളച്ചെണ്ണ പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വെളിച്ചെണ്ണ സര്‍ക്കാര്‍ നിരോധിച്ചത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 190 രൂപയാണ് വില. പിടികൂടിയ 5000 ലിറ്റര്‍ വെളിച്ചെണ്ണ സീല്‍ ചെയ്ത് വെച്ചിരിക്കുകയാണ്. രണ്ട് ലിറ്ററിന്റെ പാക്കറ്റ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ഇതിന്റെ ഫലം വരുന്നത് വരെ സീല്‍ ചെയ്ത് വെച്ച വെളിച്ചെണ്ണ ഇവിടെ തന്നെ സൂക്ഷിക്കണമെന്ന് വിതരണക്കാരന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പരിശോധന ഫലം വന്നാലുടന്‍ നടപടി സ്വീകരിക്കുമെന്നും കമ്പനിയില്‍ നിന്നും വിതരണക്കാരനില്‍ നിന്നും മൂന്ന് ലക്ഷം രൂപ വരെ പിഴയീടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുൻപ് കാസര്‍കോട് ടൗണിലെ ചില കടകളില്‍ നിന്നും വ്യാജ വെളിച്ചെണ്ണ പിടികൂടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam