
തിരുവനന്തപുരം: നിപാ വൈറസിന്റെ സാന്നിധ്യം പരിശോധനക്കയച്ച വവ്വാലുകളുടെ രക്ത സാംപിളിലില്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ പരിശോധനയില്‍ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്. മറ്റ് മൃഗങ്ങളില്‍നിന്നെടുത്ത സാമ്പിളുകളും നെഗറ്റീവാണ്. 4 തരം സാമ്പിളുകളാണ് പരിശോധിച്ചത്. ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളുടെ രക്ത സാംപിളുകളാണ് പരിശോധനക്കയച്ചത്. വീണ്ടും പരിശോധന നടത്തും. ചരങ്ങരോത്തെ കിണറില്‍ കണ്ടെത്തിയ വവ്വാലുകളെയാണ് പരിശോധനയ്ക്ക് അയച്ചത്.
അതേസമയം നിപാ വൈറസിനെ ചെറുക്കാന്‍ പുതിയ മരുന്ന് ഓസ്ട്രേലിയയില്‍ നിന്നെത്തിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഹ്യുമന്‍ മോണോക്ലോണല്‍ ആന്‍റി ബോഡിയുടെ അന്‍പത് ഡോസാണ് എത്തിച്ചത്. വൈറസിന്‍റെ ഉറവിടം സംബന്ധിച്ച പരിശോധന വിപുലപ്പെടുത്താനും തീരുമാനിച്ചു.
നിലവില്‍ റിബാവൈറിന്‍ നല്‍കുന്നതിന് പുറമെയാണ് മോണോക്ലോണല്‍ ആന്‍റി ബോഡി കൂടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിപാവൈറസിനെതിരെ ഏറ്റവും ഫലപ്രദമായ ഔഷധമാണിത്. നല്‍കിയ മുഴുവന്‍ പേരിലും അനുകൂല ഫലമുണ്ടാക്കിയിട്ടുണ്ടെന്നാണ് മരുന്നിന്‍റെ ചരിത്രം. മരിച്ച സാബിത്തിന് വൈറസ് ബാധയുണ്ടായതെങ്ങനെയെന്ന് അറിയാന്‍ അദ്ദേഹത്തിന്‍റെ യാത്രാ പശ്ചാത്തലം പരിശോധിക്കും.
മരിക്കുന്നതിന് ഒരു മാസം മുന്‍പാണ് സാബിത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സാബിത്തിനെ നിപാ ബാധിതരുടെ പട്ടികയില്‍ പെടുത്താനും തീരുമാനിച്ചു. ആദ്യം മരിച്ചതിനാല്‍ സ്രവസാംപിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചിരുന്നില്ല. നിപ വൈറസ് പടരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. കഴിഞ്ഞ ദിവസം അയച്ച 22 സാപിംളുകളില്‍ ഒന്നൊഴികെ എല്ലാം നെഗറ്റീവാണ്.
പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ നാളെ മന്ത്രി ടി പി രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ബോധവത്കരണ പദയാത്ര നടത്തുമെന്നും മന്ത്രി. നാട്ടുകാർ വവ്വാലിനെ പിടിക്കരുത്. അതിന്റെ ആവാസവ്യവസ്ഥയിൽ കടന്നു കയറിയാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. പരിശോധനകൾക്കായി വിദഗ്‌ധ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam