കര്‍ണാടക നിയമസഭയിലെ വിധി ആവര്‍ത്തിച്ചു; ബിജെപിയെ വീണ്ടും പരാജയപ്പെടുത്തി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

By Web TeamFirst Published Sep 28, 2018, 6:08 PM IST
Highlights

കോർപ്പറേഷനിലെ 198 വാർഡുകളിൽ 100 എണ്ണത്തിലും വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ബി ജെ പി മേയര്‍ സ്ഥാനത്തിനായി പോരാടിയത്. എന്നാല്‍ മേയർ തിരഞ്ഞെടുപ്പിൽ കൗൺസിലർമാർക്കൊപ്പം നഗരത്തിൽനിന്നുള്ള ജനപ്രതിനിധികൾക്കും വോട്ടുവകാശമുള്ളത് ബിജെപിക്ക് കനത്ത പ്രഹരമായി മാറി

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് സംസ്ഥാന ബിജെപി ഇനിയും ഉണര്‍ന്നിട്ടില്ല. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും ഭരണം കാല്‍ച്ചുവട്ടില്‍ നിന്ന് ഒലിച്ചുപോയി. രാഷ്ട്രീയ കളികള്‍ നടത്തി ഭരണം നേടാമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസും ജെഡിഎസും ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ അധികാരം അകന്നു.

ബംഗളുരു കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കാമെന്ന കണക്കുകൂട്ടലിലായിരുന്നു യദ്യൂരപ്പയും സംഘവും. എന്നാല്‍ ഇക്കുറിയും ഒന്നിച്ച് നിന്ന് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ബിജെപിയെ മലര്‍ത്തിയടിച്ചു. കോണ്‍ഗ്രസിന്‍റെ ഗംഗാബികേ മല്ലികാര്‍ജുന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ബിജെപിക്ക് പ്രഹരമായി. രമിളാ ഉമാശങ്കറാമ് ഡെപ്യൂട്ടി മേയറായി  തിരഞ്ഞെടുക്കപ്പെട്ടത്.

കോർപ്പറേഷനിലെ 198 വാർഡുകളിൽ 100 എണ്ണത്തിലും വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ബി ജെ പി മേയര്‍ സ്ഥാനത്തിനായി പോരാടിയത്. എന്നാല്‍ മേയർ തിരഞ്ഞെടുപ്പിൽ കൗൺസിലർമാർക്കൊപ്പം നഗരത്തിൽനിന്നുള്ള ജനപ്രതിനിധികൾക്കും വോട്ടുവകാശമുള്ളത് ബിജെപിക്ക് കനത്ത പ്രഹരമായി മാറി.

198 വാര്‍ഡുകളില്‍ കോൺഗ്രസ് 76 വാർഡുകളിലാണ് ജയിച്ചത്. ജെഡിഎസ് ആകട്ടെ 14 വാർഡുകളിലും വിജയിച്ചിരുന്നു. ഏഴ് സ്വതന്ത്രര്‍ വിജയിച്ചിരുന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഒരാളൊഴികെ എല്ലാവരും കോണ്‍ഗ്രസിനൊപ്പം നിന്നത് തിരിച്ചടിയായി. 256 പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. 130 വോട്ടുകള്‍ സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗംഗാബികേ മല്ലികാര്‍ജുന്‍ വിജയിച്ചത്.

click me!