കേരളത്തിന് ബീക്കണ്‍ ലൈറ്റ് വേണം: ഇളവ് ആവശ്യപ്പെടണമെന്ന് ഗതാഗത കമ്മീഷ്ണറുടെ ശുപാര്‍ശ

By Web DeskFirst Published Apr 26, 2017, 4:55 AM IST
Highlights

ദില്ലി: വിഐപി സംസ്‌കാരം ഒഴിവാക്കാനായി ബീക്കണ്‍ ലൈറ്റ് വാഹനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നേ കേരളത്തെ ഒഴിവാക്കണമെന്ന് ശുപാര്‍ശ. ബീക്കണ്‍ലൈറ്റിന്റെ കാര്യത്തില്‍ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ഇളവ് ആവശ്യപ്പെടണമെന്ന് ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ. 

അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബീക്കണ്‍ ലൈറ്റ് അനുവദിക്കാനുള്ള അധികാരം സംസ്ഥാനത്തിന്  തിരിച്ചുനല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് ഗതാഗത കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ആക്ഷേപം  ഉണ്ടെങ്കില്‍ പത്തുദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം വന്നിരുന്നു. ഇതിന്റെ അഠിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബീക്കണ്‍ ലൈറ്റ് വയ്ക്കാന്‍ അനുമതി വേണം. ഇതിന് അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് തിരിച്ചുനല്‍കണം. ഈ രണ്ട് ആവശ്യങ്ങള്‍ ഉന്നയിക്കണമെന്നാണ് കമ്മീഷണര്‍ നിര്‍ദേശം. ബീക്കണ്‍ലൈറ്റുകള്‍ നിരോധിച്ചതിന് പുറമെ ഇത് അനുവദിക്കുന്നതില്‍  സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടായിരുന്ന അധികാരം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു.

നിലവില്‍ അടിയന്തര സാഹചര്യം എന്ന പട്ടികയില്‍ പോലീസും ആംബുലന്‍സും ഫോറസ്റ്റും മാത്രമാണ് ഉള്‍പ്പെടുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിഎപി പട്ടികയിലാണ്. കമ്മിഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി കൂടി കണ്ടശേഷമായിരിക്കും കേന്ദ്രത്തിലേക്ക് അയയ്ക്കുക. മേയ് ഒന്നുമുതല്‍ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റ നിര്‍ദേശം. തീരുമാനം വന്നയുടന്‍  തോമസ് ഐസക്ക് അടക്കം ചില മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് അഴിച്ചുമാറ്റിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.
 

click me!