
റിയോ ഡി ജനീറോ: ലോകത്തിന്‍റെ ശ്രദ്ധയാകർഷിച്ച് ബ്രസീലിലെ ജയിലിൽ നടന്ന സൗന്ദര്യ മത്സരം. റിയോ ഡി ജനീറോയിലെ ജയിലിൽ നടന്ന സൗന്ദര്യമത്സരത്തിൽ പങ്കെടുത്തത് വനിതാ ജയിലിൽ നിന്നുള്ള അന്തേവാസികളാണ്. കഴിഞ്ഞ വർഷത്തേക്കാൾ ശക്തമായിരുന്നു ഇത്തവണത്തെ മത്സരമെന്നാണ് 2017 ലെ മത്സരവിജയി മയാന റോസ പ്രതികരിച്ചത്.
കടുപ്പമേറിയ ജയിൽ ജീവിത നിമിഷങ്ങളിൽ നിന്നുള്ള മോചനം എന്നത് മാത്രമല്ല മത്സരത്തിലേക്ക് അന്തേവാസികളെ ആകർഷിക്കുന്ന ഘടകം. തിരഞ്ഞെടുത്ത മത്സരാർത്ഥികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശക മുറിയുടെ ജനാലയ്ക്കുമപ്പുറം നിന്ന് കാണാനാകുമെന്നതായിരുന്നു മത്സരത്തിന്‍റെ പ്രധാന പ്രത്യേകത.
അച്ഛനെ കാണാനാകും എന്ന ഒറ്റ പ്രതീക്ഷയിൽ മത്സരിക്കാൻ തയ്യാറായതെന്നാണ് മത്സരത്തിൽ പങ്കെടുത്ത ഒരു അന്തേവാസി പ്രതികരിച്ചത്. ബീച്ച് ഫാഷൻ, എവരിതിം വെയർ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായിരുന്നു മത്സരം. മിഷേനി നേരി എന്ന യുവതിയാണ് ഫസ്റ്റ് റണ്ണറപ്പായത്, മരിയാന സാന്‍റോസ് സെക്കൻണ്ട് റണ്ണറപ്പായി. മിസ് ടൽവേരയായി തെരെഞ്ഞെടുക്കപ്പെട്ടത് വെറോണിക്ക വെറോണ.
തെറ്റുതിരുത്തലിന്‍റെ പാതയിലാണ് മിസ് ടൽവേരയായി തെരെഞ്ഞെടുക്കപ്പെട്ട വെറോണിക്ക വെറോണ എന്ന സുന്ദരി. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് തന്‍റെ കാമുകനെ കൊല ചെയ്ത കേസിലാണ് വെറോണിക്ക ജയിലിലടയ്ക്കപ്പെടുന്നത്. പതിനഞ്ച് വർഷത്തെ തടവു ശിക്ഷക്ക് വിധിക്കപ്പെട്ട വെറോണിക്കയുടെ ജയിലിലെ പതിമൂന്നാം വർഷമാണിത്. രണ്ട് വർഷം കൂടി കഴിഞ്ഞാൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാം. ചെറുപ്പത്തിൽ മോഡലാകാനായിരുന്നു വെറോണയുടെ ആഗ്രഹം. തനിക്കതിനാകുമെന്ന പ്രതീക്ഷയും ഇന്ന് വെറോണിക്കക്കുണ്ട്.
2004ൽ ജയിലിലെ അന്തേവാസികൾ ജയിലധികൃതരുടെ പിന്തുണയോടെ ഒരു പത്രം തുടങ്ങിയിരുന്നു. മാറ്റത്തിന്‍റെ ആദ്യപടി ആ അക്ഷരങ്ങളിൽ നിന്നാണ് തുടങ്ങിയത്. അതിനെത്തുടർന്നാണ് സൗന്ദര്യമത്സരം സംഘടിപ്പിക്കാൻ ജയിലധികൃതർ തീരുമാനിക്കുന്നത്. രണ്ട് മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ശേഷമാണ് മത്സരം. പ്രാദേശിക സംഘടനകളാണ് മത്സരാർത്ഥികൾക്കാവശ്യമായ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും നൽകിയത്. പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നൂറ് പേരിൽ നിന്ന് പത്ത് മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam