
ജയ്പൂർ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായഹസ്തവുമായി രാജ്യത്തിന്റെ വിവിധ മേഖലയിൽ നിന്നും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ ഭിക്ഷാടനത്തിലൂടെ ലഭിച്ച മുഴുവൻ തുകയും സൈനികരുടെ കുടുംബങ്ങൾക്ക് ദാനം ചെയ്തിരിക്കുകയാണ് ഒരു വൃദ്ധ. രാജസ്ഥാനിലെ അജ്മീറിൽ ഭിക്ഷാടനം നടത്തിയിരുന്ന നന്ദിനി ശർമ്മയെന്ന സ്ത്രീയാണ് തന്റെ സമ്പാദ്യം മുഴുവനും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്കായി നൽകിയത്.
6.61 ലക്ഷം രൂപയാണ് നന്ദിനി സൈനികരുടെ കുടുംബങ്ങൾക്ക് വേണ്ടി നൽകിയത്. എന്നാൽ ഈ സഹായം നൽകാൻ ഇന്ന് അവർ ജീവനോടെയില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ രോഗബാധിതയായി മരിച്ച ഇവരുടെ ആഗ്രഹ പ്രകാരമാണ് സമ്പാദ്യം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാന്‍ അവകാശികൾ തീരുമാനിച്ചത്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത് നന്ദിനിയുടെ ആഗ്രഹമായിരുന്നു.
താൻ ജീവിച്ചിരുന്ന കാലമത്രയും ഭിക്ഷാടനം നടത്തി സ്വരൂപിച്ച പണത്തിന് അവകാശികളായി നന്ദിനി രണ്ട് പേരെ നിയോഗിച്ചിരുന്നു. ഇവരാണ് നന്ദിനിയുടെ ആഗ്രഹം കണക്കിലെടുത്ത് പണം ജവാന്മാർക്കായി നൽകിയത്. അജ്മീറിലെ ഒരു ക്ഷേത്ര പരിസരത്തായിരുന്നു ഇവർ ഭിക്ഷ യാചിച്ചിരുന്നത്. തനിക്ക് ലഭിക്കുന്ന തുകയിൽ നിന്നും ചെലവ് കഴിച്ച് ബാക്കി തുക ബാങ്കിൽ നിക്ഷേപിക്കുന്ന പതിവ് നന്ദിനിയ്ക്ക് ഉണ്ടായിരുന്നു. ഈ തുകയാണ് ഇപ്പോൾ ജവാന്മാർക്കായി അവകാശികൾ നൽകിയത്.
കഴിഞ്ഞ ദിവസമാണ് വൃദ്ധയുടെ പണം, കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയതെന്ന് അജ്മീറിലെ കലക്ടർ വിശ്വമോഹൻ ശർമ്മ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam