
ലഖ്നൗ: തെരുവിൽ അലയുന്ന കന്നുകാലികൾക്ക് ബാർകോഡ് സംവിധാനം നടപ്പിലാക്കാൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് കന്നുകാലികളുടെ ഡേറ്റാബേസ് തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തെരുവിൽ അലഞ്ഞു നടക്കുന്ന കാലികൾക്ക് ബാർകോഡ് നൽകുന്നത് വഴി മൃഗങ്ങളുടെ എണ്ണത്തിൽ വ്യക്തത ഉണ്ടാക്കാൻ സാധിക്കും. ചെവിയിൽ പഞ്ചിംഗ് ലേബൽ പതിപ്പിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുക്കുന്നത് വഴി കന്നുകാലികൾക്ക് വേണ്ടിയുള്ള ഗോസംരക്ഷണകേന്ദ്രങ്ങളിൽ ഇവയെ എത്തിക്കാൻ സാധിക്കുമെന്ന് വെറ്റിനറി ഓഫീസറായ തേജ് സിംഗ് യാദവ് പറയുന്നു.
''തെരുവിൽ അലയുന്ന കാലികൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുന്നു. ഇവയെ കണ്ടെത്തി ഗോശാലയിൽ എത്തിക്കും. 2017 ൽ ഉത്തർപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു. തന്മൂലം പാൽ ലഭിക്കാതെ വരുന്ന പശുക്കളെ കർഷകർ തെരുവിൽ ഉപേക്ഷിക്കുന്നുണ്ട്. ഇവ വഴിയാത്രക്കാർക്കും കർഷകർക്കും വൻശല്യമാണ് സൃഷ്ടിക്കുന്നത്.'' തേജ് സിംഗ് യാദവ് പറയുന്നു.
കന്നുകാലികളെക്കൊണ്ടുള്ള ശല്യം സഹിക്കാൻ സാധിക്കാതെ സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഇവയെ കൊണ്ടുവന്ന് കർഷകർ കെട്ടിയിട്ടിരുന്നു. ഉത്തർപ്രദേശിൽ 16 മുനിസിപ്പൽ കോർപ്പറേഷനുകൾക്കായി പത്ത് കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നതെന്ന് ബിജെപി വക്താവ് മനീഷ് ശുക്ല വ്യക്തമാക്കി. ഓരോ ജില്ലയിലും ഗോശാല നിർമ്മാണത്തിനായി 1.2 കോടിയും മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam