
ദില്ലി: ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം. ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി പക്ഷേ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. കേസ് ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും.
കൊല്‍ക്കത്തയില്‍ വച്ച് രാജീവ് കുമാറെ ചോദ്യം ചെയ്താല്‍ സുരക്ഷാ പ്രശ്നങ്ങള്‍ നേരിടുമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. മുന്‍അനുഭവങ്ങളുടെ ബലത്തില്‍ സംസ്ഥാനത്ത് വച്ച് രാജീവ് കുമാറിന്‍റെ മൊഴിയെടുക്കുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഈ കാര്യം പരിഗണിച്ച കോടതി രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത് ഷില്ലോംഗിലെ സിബിഐ ഓഫീസില്‍ വച്ചു മതിയെന്ന് നിര്‍ദേശിച്ചു.
ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി അതേസമയം കോടതീയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു. ഫെബ്രുവരി ഇരുപതിനുള്ളില്‍ ഇവരോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപിയേയും ചീഫ് സെക്രട്ടറിയേയും സിറ്റി പൊലീസ് കമ്മീഷണറേയും നേരിട്ട് വിളിച്ചു വരുത്തുന്ന കാര്യം മറുപടി കേട്ട ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
കോടതിയില്‍ നടന്ന വാദത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് സിബിഐക്ക് ബംഗാള്‍ സര്‍ക്കാരിന് നേരെ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സായുധകലാപത്തിന് കോപ്പ് കൂടുകയാണെന്ന് സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ കോടതീയലക്ഷ്യത്തിന് സിബിഐ നോട്ടീസ് നല്‍കുന്നതെന്നും സിബിഐയെ നയിക്കുന്ന ജോയിന്‍റ് ഡയറക്ടറെ തന്നെ തടഞ്ഞു വയ്ക്കുന്നതടക്കമുള്ള ഭരണാഘടനലംഘനം ബംഗാളില്‍ ഉണ്ടായി.
സിബിഐക്കെതിരെ മുഖ്യമന്ത്രി നടത്തിയ ധര്‍ണയില്‍ ഡിജിപിയും എഡിജിപിയും സിറ്റി പൊലീസ് കമ്മീഷണറും പങ്കെടുത്തത് നിര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളിലൂടെ ഇത് ലോകം മുഴുവനും കണ്ടെന്നും സിബിഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ രാജീവ് കുമാറിന് പലവട്ടം നോട്ടീസ് നല്‍കിയിരുന്നുവെന്നും കേസില്‍ രാജീവ് കുമാറിന് നേരിട്ട് പങ്കുണ്ടെന്നും കോടതിയില്‍ തുഷാര്‍ മെഹ്ത്ത വാദിച്ചു.
രാജീവ് കുമാറിനെ സിബിഐയെ ചോദ്യം ചെയ്യുന്നത് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി ഇത് തള്ളി. രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യുന്നതില്‍ എന്താണ് പ്രശ്നമെന്ന് ചീഫ് ജസ്റ്റിസ് ബംഗാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിഖ്വിയോട് ചോദിച്ചു. കൊല്‍ക്കത്ത കമ്മീഷണറോടും സംസ്ഥാന സര്‍ക്കാരിനോടും അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam