തലച്ചോറിലെ ശസ്ത്രക്രിയക്കിടെ ഗിറ്റാര്‍ വായിച്ച് ബംഗളുരു സ്വദേശി

By web DeskFirst Published Jul 20, 2017, 10:55 AM IST
Highlights

ഓപറേഷന്‍ തീയറ്ററില്‍ ഡോക്ടര്‍മാര്‍ തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഓപറേഷന്‍ ടേബിളില്‍ കിടന്ന് അയാള്‍ ഗിറ്റാര്‍ വായിക്കുകയായിരുന്നു. സര്‍ജറി അത്രയ്ക്ക് സുഖമുള്ള ഏര്‍പ്പാട് ആയതുകൊണ്ടൊന്നുമല്ല. മറിച്ച് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് 32 കാരനായ തുഷാര്‍ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ തീരുന്നത് വരെ ഗിറ്റാര്‍ വായിച്ചുകൊണ്ടിരുന്നത്.

ബംഗളുരുടെ സിറ്റി ആശുപത്രിയിലിയാണ് ന്യൂറോ സംബന്ധമായ അസുഖത്തിന് യുവാവ് ചികിത്സ തേടിയത്. അത്യാവശ്യമൊരു ചെറിയ സംഗീതജ്ഞന്‍ കൂടിയായ തുഷാറിന് മ്യുസിഷന്‍സ് ഡിസ്റ്റോണിയ (musician's dystonia) എന്ന അസുഖമാണെന്ന് കണ്ടത്തി. വിരലുകളുടെ ദ്രുതചലനം കാരണം സഹിക്കാനാവാത്ത വേദന വരുന്ന അവസ്ഥയാണിത്. വിരലുകള്‍ക്ക് വിറയലും ഉദ്ദേശിക്കുന്ന പോലെ ചലിപ്പിക്കാനാവാത്ത പ്രശ്നവുമൊക്കെയാവും ഇത് സമ്മാനിക്കുക.  ഒരു വര്‍ഷം മുമ്പ് ഗിറ്റാര്‍ വായിക്കുന്ന അവസരത്തിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. 

തലച്ചേറിലെ ചില ഭാഗങ്ങള്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് കരിച്ചുകളയുന്ന ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ പരിഹാരം നിര്‍ദ്ദേശിച്ചത്. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് ഡോ. സഞ്ജീവ് സി.സിയാണ് ശസ്ത്രക്രിയക്കിടെ രോഗിയോട് ഗിറ്റാര്‍ വായിക്കാന്‍ ആവശ്യപ്പെട്ടത്. തലച്ചോറിലെ ഏത് ഭാഗത്താണ് പ്രശ്നമെന്ന് കൃത്യമായി കണ്ടെത്താന്‍ വേണ്ടിയായിരുന്നു ഇത്.  ശസ്ത്രക്രിയക്ക് മുമ്പ് പ്രത്യേകം തയ്യാറാക്കിയ ലോഹ ഫ്രെയിം രോഗിയുടെ തലയ്ക്കു മുകളില്‍ ഉറപ്പിച്ചു. തലയോട്ടി തുരന്ന് ദ്വാരങ്ങളുണ്ടാക്കിയായിരുന്നു ഇത് ചെയ്തത്. ശേഷം എം.ആര്‍.ഐ സ്കാന്‍ ചെയ്ത് ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗം കൃത്യമായി നിര്‍ണ്ണയിച്ചു.

തലയോട്ടിയില്‍ നിന്ന് ഏകദേശം 8 സെന്റീമീറ്റര്‍ താഴെയായിരുന്നു ശസ്ത്രിക്രിയ നടത്തേണ്ടിയിരുന്നത്. ലോക്കല്‍ അനസ്തേഷ്യ നല്‍കിയ ശേഷം 14മില്ലീ മീറ്റര്‍ മാത്രം വ്യാസമുള്ള ഒരു ദ്വാരം തലയോട്ടിയിലുണ്ടാക്കി. ശേഷം പ്രത്യേക തരം ഇലക്ട്രോടുകള്‍ ഉള്ളിലേക്ക് കടത്തിയായിരുന്നു ചില ഭാഗങ്ങള്‍ കരിച്ചുകളഞ്ഞത്. ഈ സമയത്തെല്ലാം രോഗി, ശസ്ത്രക്രിയാ ടേബിളില്‍ കിടന്ന് ഗിറ്റാര്‍ വായിക്കുകയായിരുന്നു. തന്റെ കൈവിരലുകളുടെ അസുഖം മാറി വരുന്നത് ശസ്ത്രക്രിയക്കിടെത്തന്നെ തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞുവെന്ന് തുഷാര്‍ പിന്നീട് പറഞ്ഞു. ഇപ്പോള്‍ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും മാറിക്കഴിഞ്ഞു. മൂന്ന് ദിവസത്തിനകം ആശുപത്രി വിടാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

click me!