
പട്ന: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായവുമായി ബീഹാറിലെ ഗോപാൽഗഞ്ച് സബ്ഡിവിഷണൽ ജയിൽ ജീവനക്കാരും തടവുപുള്ളികളും. ആർമി റിലീഫ് ഫണ്ടിലേക്ക് അമ്പതിനായിരം രൂപ ഇവരെല്ലാവരും ചേർന്ന് സംഭാവനയായി നൽകി. തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് തിങ്കളാഴ്ച ഫണ്ടിലേക്ക് അയച്ചെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
ഗോപാൽഗഞ്ച് സബ്ഡിവിഷണൽ ജയിലില്‍ ആകെ 750 തടവുപുള്ളികളാണുള്ളത്. അതിൽ 30 വനിതാ തടവുകാരുമുൾപ്പെടുന്നു. ഇവരിൽ 102 പേർ ക്രിമിനൽ കേസിലെ കുറ്റവാളികളാണ്. പുൽവാമയിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിഞ്ഞപ്പോൾ തടവുകാർ തന്നെയാണ് ഇവരെ സഹായിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് ജയിൽ അധികൃതർ വെളിപ്പെടുത്തുന്നു.
''ഇതൊരു ചെറിയ തുകയായിരിക്കാം, എന്നാൽ തടവുകാരിൽ നിന്നുള്ള ഈ നടപടി അസാധാരണമാം വിധം പ്രശംസിക്കപ്പെടേണ്ടതാണ്.'' ജയിൽ സൂപ്രണ്ട് സന്ദീപ് കുമാർ പറയുന്നു. ജയിലിനുള്ളിൽ ചെയ്യുന്ന ചെറിയ തൊഴിലുകളിൽ നിന്ന് മിച്ചം വച്ചാണ് ഇവർ ഈ തുക സമാഹരിച്ചത്. ഇത്തരത്തിൽ ഇവർക്ക് ലഭിക്കുന്ന വരുമാനം ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ഇവർക്ക് തന്നെ നൽകും. കൃഷി, ചെറിയ കൈത്തൊഴിലുകൾ എന്നീ തൊഴിലുകളാണ് ജയിലിനുള്ളിലുള്ളത്. പല തരത്തിലുള്ള പച്ചക്കറികളും പൂക്കളും ജയിൽ കോമ്പൗണ്ടിനുള്ളിൽ കൃഷി ചെയ്യുന്നുണ്ട്. മാസം തോറും 3000 മുതൽ 3500 രൂപ വരെ ഇതുവഴി സമ്പാദിക്കാനും കഴിയും. തടവുകാരുടെ അക്കൗണ്ടിലേക്കാണ് ഈ പണം എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam