കൊച്ചിയില്‍ നിരോധിത പുകയില വേട്ട; ബിഹാര്‍ സ്വദേശി പിടിയില്‍

By Web TeamFirst Published Dec 18, 2018, 12:29 AM IST
Highlights

മാസങ്ങളായി ബിഹാറിൽ നിന്നും ഇയാൾ ട്രെയിൻ മാർഗ്ഗം പുകയില ഉത്പന്നങ്ങൾ കൊച്ചിയിലെത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. എറണാകുളം നോർത്ത് സൗത്ത് സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ വേഗത കുറയുന്ന സമയത്ത് പുകയില ചാക്കുകൾ ഇറക്കുകയാണ് പതിവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു

കൊച്ചി: കൊച്ചിയിൽ ഒന്നരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പുതുവത്സരകച്ചവടത്തിനായി ബിഹാർ സ്വദേശി സഞ്ജയ് കുമാർ ശേഖരിച്ചുവച്ച നിരോധിത പുകയില ഉത്പന്നങ്ങളാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. പുല്ലേപ്പടിക്ക് സമീപത്ത് മുറി വാടകയ്ക്ക് എടുത്താണ് ഒന്നരലക്ഷം രൂപ വില വരുന്ന ഉത്പന്നങ്ങൾ സൂക്ഷിച്ചത്.

ബിഹാറിൽ നിന്നും കൊണ്ടു വന്ന പുകയില ഉത്പന്നങ്ങൾ ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു. ചില്ലറ വിൽപ്പനക്ക് പുറമെ കൊച്ചി നഗരത്തിന്‍റെ പല ഭാഗത്തേക്കും പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടവും സഞ്ജയ് കുമാർ നടത്തിവരുന്നുണ്ടായിരുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇയാളുടെ പക്കൽ നിന്നും പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതായി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു സഞ്ജയ്കുമാർ.

മാസങ്ങളായി ബിഹാറിൽ നിന്നും ഇയാൾ ട്രെയിൻ മാർഗ്ഗം പുകയില ഉത്പന്നങ്ങൾ കൊച്ചിയിലെത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. എറണാകുളം നോർത്ത് സൗത്ത് സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ വേഗത കുറയുന്ന സമയത്ത് പുകയില ചാക്കുകൾ ഇറക്കുകയാണ് പതിവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. പ്രതിയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.

click me!