ഞാന്‍ അയ്യപ്പവിശ്വാസി, മാവോയിസ്റ്റ് ആക്കേണ്ടത് അവരുടെ ആവശ്യമെന്ന് ബിന്ദു തങ്കം കല്ല്യാണി

By Bibin BabuFirst Published Nov 13, 2018, 5:01 PM IST
Highlights

ഞാന്‍ മലയ്ക്ക് പോകാന്‍ വേണ്ടി മാലയിട്ടിരുന്നു. സാധാരണ മലയ്ക്ക് പോകാന്‍ മാലയിട്ടാല്‍ പോയി വന്ന ശേഷമാണ് അത് ഊരിവെയ്ക്കുക. കയറാന്‍ സാധിക്കാത്തതിനാല്‍ അങ്ങനെ അങ്ങ് ഊരാമോയെന്നുള്ള പേടി എനിക്കുണ്ട്

             ''ആദ്യം കുട്ടികളെ ഉപയോഗിച്ച് എനിക്കെതിരെ വികാരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയത്. അത് വിജയിക്കില്ലെന്നായപ്പോള്‍ തെരുവില്‍ ആക്രമിക്കാന്‍ നോക്കുന്നു. ഞാനും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രി എത്തി തെറിവിളിയാണ്.

സഹായത്തിനായി പൊലീസിനെ ബന്ധപ്പെടാന്‍ നോക്കി... ആരുമെത്തിയില്ല....'' എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പ ദര്‍ശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്ല്യാണിയുടെ വാക്കുകളാണിത്.

നിരവധി സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചെങ്കിലും അവര്‍ക്കൊന്നും നേരിട്ടിട്ടില്ലാത്ത അത്രയും അക്രമങ്ങളാണ് അട്ടപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക ബിന്ദു തങ്കം കല്ല്യാണിക്ക് നേരിടേണ്ടി വരുന്നത്. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ അരങ്ങേറുമ്പോഴും അയ്യനെ കാണാന്‍ എന്നെങ്കിലും സാധിക്കുമെന്ന വിശ്വാസവുമായി മാല ഊരാതെ അവര്‍ കാത്തിരിക്കുകയാണ്

കുട്ടികളെ അവര്‍ ഉപയോഗിക്കുന്നു

ആദ്യ കുട്ടികളെ ഉപയോഗിച്ച് എനിക്കെതിരെ വികാരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് എബിവിപിയുടെ സഹായത്തോടെ അവര്‍ നടത്തിയത്. ഈ വിഷയത്തില്‍ പ്രിന്‍സിപ്പാളും പിടിഎയുമെല്ലാം ഇടപ്പെട്ട് ക്ലാസിലെത്തി സംസാരിച്ചപ്പോള്‍ പ്രശ്നങ്ങള്‍ അവസാനിച്ചു.

കഴിഞ്ഞ ബുധനാഴ്ചയോടെ അതെല്ലാം മാറി വീണ്ടും നല്ല രീതിയില്‍ ക്ലാസുകള്‍ നടന്ന് തുടങ്ങി. സ്കൂളിനകത്ത് നിന്ന് എനിക്കെതിരെ ഒരു വികാരം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ലെന്ന് ഇതോടെ അവര്‍ക്ക് മനസിലായി. അപ്പോള്‍ കുറച്ച് രക്ഷിതാക്കളെ ഇറക്കി പ്രതിഷേധം സംഘടിപ്പിച്ചു.

സ്കൂളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ തകര്‍ക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. എല്ലാവരെയും എനിക്കെതിരെ തിരിക്കാനും ഞാന്‍ എത്തിയതിനാലാണ് സ്കൂളിന് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് എല്ലാവരുടെ മനസിലും ചിന്തയുണ്ടാക്കാനുമാണ് ശ്രമം.

രാത്രിയില്‍ വീടിന് മുന്നില്‍ തെറിവിളി

ഇന്നലെ പകല്‍ സ്കൂളിലേക്ക് നാമജപ ഘോഷയാത്രയായിരുന്നു. സന്ധ്യ കഴിഞ്ഞ് വീടിന്‍റെ അവിടെ വന്ന് പ്രശ്നമുണ്ടാക്കി. കുഞ്ഞ് മകള്‍ ഭൂമിയും ഞാനും ഒറ്റയ്ക്ക് താമസിക്കുന്ന വീടിന്‍റെ മുന്നിലെത്തി തെറി വിളിയാണ്. സ്കൂളിന് മുന്നില്‍ പ്രതിഷേധം വന്നപ്പോഴും പൊലീസ് ഒന്നും ചെയ്തില്ല. കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം വലിയ മാനസിക പ്രയാസമാണ് ഉണ്ടായിരിക്കുന്നത്.

ഞാന്‍ മലയ്ക്ക് പോകാന്‍ വേണ്ടി മാലയിട്ടിരുന്നു. സാധാരണ മലയ്ക്ക് പോകാന്‍ മാലയിട്ടാല്‍ പോയി വന്ന ശേഷമാണ് അത് ഊരിവെയ്ക്കുക. കയറാന്‍ സാധിക്കാത്തതിനാല്‍ അങ്ങനെ അങ്ങ് ഊരാമോയെന്നുള്ള പേടി എനിക്കുണ്ട്

പൊലീസ് സുരക്ഷയൊരുക്കുന്നില്ല

കോഴിക്കോട് ആയിരുന്നപ്പോള്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കായിരുന്നു സുരക്ഷാ ചുമതല. പാലക്കാട്ടേക്ക് വന്നപ്പോള്‍ എസ്പി ഓഫീസിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് നടപടിക്രമങ്ങളെല്ലാം ചെയ്തു. ഇവിടെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാവില്ലെന്നാണ് പൊലീസ് പറഞ്ഞത്.

സ്കൂളിന് മുന്നിലേക്ക് അവര്‍ പ്രതിഷേധവുമായി വരുന്നത് അറിഞ്ഞതോടെ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. പ്രകടനവും മുദ്രാവാക്യവുമൊക്കെ വരുമ്പോള്‍ കുഞ്ഞങ്ങള്‍ക്ക് അത്ര പ്രശ്നമാകും. അത് സ്കൂളിന്‍റെ അവസ്ഥ മോശമാക്കുമെന്നും പറഞ്ഞിരുന്നു.

പിന്നീട് വീടിന് മുന്നില്‍ തെറി വിളിയുമായി അവര്‍ എത്തിയപ്പോള്‍ പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആരെയും ലഭിച്ചില്ല. രാത്രി തന്നെ ഷോളയൂരും വിളിച്ചു. പട്രോളിംഗിന് വരുന്ന സംഘം എത്തുമെന്ന് പറഞ്ഞിട്ട് ആരും ഇതുവരെ എത്തിയിട്ടില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയതാണ്. അവിടെ പരാതി ലഭിച്ചെന്ന് അറിയിപ്പ് കിട്ടിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. 

ബ്രാഹ്മണിക്കല്‍ ആചാരാനുഷ്ഠാനങ്ങളെ അംഗീകരിക്കില്ല

ഞാന്‍ ശബരിമലയ്ക്ക് പോകുന്നതോ വിശ്വാസി ആകുന്നതോ ബ്രാഹ്മണിക്കല്‍ ആചാരാനുഷ്ഠാനങ്ങളെ അംഗീകരിച്ചല്ല. ഞങ്ങള്‍ക്ക് അങ്ങനെ ഒരു ആചാരമോ അനുഷ്ഠാനമോ ഇല്ല. തന്ത്രിയിലൊന്നും വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ഗോത്രത്തിന്‍റെ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്.

അതനുസരിച്ചാണ് മലയ്ക്ക് പോകുന്നത്. അത് തന്നെയാണ് ഞാനും പിന്തുടരുന്നത്. ഇതെല്ലാം പറഞ്ഞപ്പോള്‍ ചിലര്‍ നമ്മളെ മാവോയിസ്റ്റ് ആക്കി ചിത്രീകരിക്കാനാണ് മലയ്ക്ക് പോകും മുമ്പും ശ്രമിച്ചത്.

പിന്നീട് എരുമേലിയിലെത്തി സുരക്ഷ വേണമെന്ന് പറഞ്ഞപ്പോള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവരോട് പറഞ്ഞതാണ് ഞാന്‍ മാലയിട്ടിട്ടുണ്ടെന്നും ഇരുമുടിക്കെട്ടുണ്ടെന്നും. എന്നാല്‍, കെട്ടൊന്നുമില്ലാതെ വന്ന മാവോയിസ്റ്റ് ആണെന്ന പ്രചാരണമാണ് നടന്നത്.

എന്‍റെ രാഷ്ട്രീയത്തോട് വെെരാഗ്യം

ഞാന്‍ മുന്നോട്ട് വെയ്ക്കുന്നത് ദളിത് രാഷ്ട്രീയമാണ്. അതിനൊപ്പം ഗോത്ര സംസ്കാരത്തോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. ഇതിനെല്ലാം അവര്‍ക്ക് എന്നോട് വെെരാഗ്യമുണ്ട്. ലക്ഷ്മി രാജീവ് അവിടെ കയറിയെന്ന് പറയുമ്പോഴും അവരെ ഉപദ്രവിക്കുന്നില്ല. കയറാന്‍ പോയതിനാണ് എനിക്കെതിരെ ആക്രമണം നടത്തുന്നത്.

ഏറെ ആഗ്രഹിച്ചാണ് അങ്ങോട്ട് പോയത്. അവിടെ ഒരു തരത്തിലുള്ള സംഘര്‍ഷങ്ങളുമുണ്ടാക്കിയില്ല. എന്നിട്ടും എന്തിനാണ് പിന്നാലെ നടന്ന് ഉപദ്രവിക്കുന്നതെന്ന് മനസിലാകുന്നില്ല. ബിജെപി ആയാലും ആര്‍എസ്എസ് ആയാലും രാഷ്ട്രീയപരമായി ഇങ്ങനെ അല്ലോല്ലോ ചെയ്യേണ്ടത്. ആശയപരമായി നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍ കായികമായി എതിരിടാനാണ് അവര്‍ നോക്കുന്നത്. 

ഞാന്‍ ശബരിമലയ്ക്ക് പോകുന്നതോ വിശ്വാസി ആകുന്നതോ ബ്രാഹ്മണിക്കല്‍ ആചാരാനുഷ്ഠാനങ്ങളെ അംഗീകരിച്ചല്ല. ഞങ്ങള്‍ക്ക് അങ്ങനെ ഒരു ആചാരമോ അനുഷ്ഠാനമോ ഇല്ല. തന്ത്രിയിലൊന്നും വിശ്വസിക്കുന്നില്ല

ബിന്ദുവിനൊപ്പം 'സക്കറിയ' ചേര്‍ക്കുന്നവരുടെ അജണ്ട

എന്‍റെ കുടുംബത്തില്‍ ആരും ക്രിസ്തീയ മതവിശ്വാസികളല്ല. മതം മാറി ക്രിസ്തീയ വിശ്വാസം സ്വീകരിച്ചിട്ടുമില്ല. എന്‍റെ അച്ഛന്‍റെ പേര് വാസു എന്നാണ്. അമ്മ തങ്കമ്മ. വളര്‍ന്നതും പഠിച്ചതുമെല്ലാം ഹിന്ദു വിശ്വാസത്തിലാണ്. ബിന്ദുവിന്‍റെ കൂടെ സക്കറിയ എന്ന് ചേര്‍ക്കുന്നത് പോലും ഗൂഢലക്ഷ്യത്തോടെയാണ്.  

ക്രിസ്തീയ വിശ്വാസികളെ എനിക്ക് എതിരാക്കാനാണ് ഇത്. ബിന്ദു സക്കറിയ എന്ന് പറയുമ്പോള്‍ ക്രിസ്തീയ വിശ്വാസികള്‍ കരുതുമെല്ലോ ഈ സ്ത്രീ എന്തിനാണ് അവിടെ പ്രശ്നമുണ്ടാക്കാന്‍ പോകുന്നത്, പള്ളിയില്‍ പോയാല്‍ പോരേ എന്ന്. ഈ ലക്ഷ്യം വച്ചാണ് ശോഭ സുരേന്ദ്രന്‍ അടക്കം ഈ പേര് വ്യാജമായി ഉപയോഗിക്കുന്നത്.

എന്‍റെ കുടുംബത്തില്‍ ആരും ക്രിസ്തീയ മതവിശ്വാസികളല്ല. മതം മാറി ക്രിസ്തീയ വിശ്വാസം സ്വീകരിച്ചിട്ടുമില്ല. എന്‍റെ അച്ഛന്‍റെ പേര് വാസു എന്നാണ്. അമ്മ തങ്കമ്മ. വളര്‍ന്നതും പഠിച്ചതുമെല്ലാം ഹിന്ദു വിശ്വാസത്തിലാണ്

ഫെമിനിസം അല്ല വിശ്വാസം

ഞാന്‍ വിശ്വാസിയല്ലെന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ഞാന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകയാണ്. അതുകൊണ്ട് സമുദായത്തിന്‍റേതായാലും ആദിവാസി പ്രശ്നമായാലും ഭൂപ്രശ്നമായാലും ഇടപെടാറുണ്ട്. അപ്പോള്‍ ഒരു ആക്ടിവിസ്റ്റ് എന്ന് പേരില്‍ എന്നെ ചിത്രീകരിച്ച് ശബരിമലയില്‍ ഫെമിനിസം ഉണ്ടാക്കാന്‍ പോയി എന്ന് സ്ഥാപിക്കാന്‍ നോക്കുകയാണ്.

വെല്ലുവിളിച്ച് പോയി എന്ന് വികാരമുണ്ടാക്കനാണ് ഇങ്ങനെ ചെയ്യുന്നത്. പേര് മാറ്റുന്നതും മാവോയിസ്റ്റ് ആക്കുന്നതുമെല്ലാം ഇതിനാണ്. യഥാര്‍ഥ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കേണ്ടത് അവരുടെ ആവശ്യമാണ്.

അയ്യനെ കാണുന്നത് സ്വപ്നം

ഞാന്‍ മലയ്ക്ക് പോകാന്‍ വേണ്ടി മാലയിട്ടിരുന്നു. സാധാരണ മലയ്ക്ക് പോകാന്‍ മാലയിട്ടാല്‍ പോയി വന്ന ശേഷമാണ് അത് ഊരിവെയ്ക്കുക. കയറാന്‍ സാധിക്കാത്തതിനാല്‍ അങ്ങനെ അങ്ങ് ഊരാമോയെന്നുള്ള പേടി എനിക്കുണ്ട്. പോകാന്‍ പറ്റുമോയെന്ന് എനിക്ക് ഇനി അറിയില്ല.

മറ്റൊരു സാഹചര്യമുണ്ടായാല്‍ എപ്പോഴെങ്കിലും പോകാന്‍ സാധിക്കുമോയെന്നാണ് നോക്കുന്നത്. അതിന് ശേഷം മാല ഊരാനാണ് കുടുംബം അടക്കം എന്നോട് പറഞ്ഞത്. അതിനുള്ള വൃതങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. സുപ്രീംകോടതി വിധി വന്നതോടെ മാലയിട്ട ഒരുപാട് സ്ത്രീകളുണ്ട്. ഇനി എന്ത് ചെയ്യുമെന്നാണ് ഇവരെല്ലാം ചിന്തിക്കുന്നത്. 

ദളിത് സംഘടനകള്‍ പ്രതിഷേധത്തിന്

ദളിത് സംഘടകളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ തെരുവിലാണല്ലോ എന്നെ ആക്രമിക്കാന്‍ നോക്കുന്നത്. അതിനെതിരെ പ്രതിഷേധിക്കാനുള്ള ആലോചനകള്‍ സംഘടനകള്‍ നടത്തുന്നതായി അറിയിച്ചിട്ടുണ്ട്. എല്ലാവരും നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രത്യക്ഷ സമരത്തെപ്പറ്റിയും ആലോചിക്കുന്നുണ്ട്.

click me!