ശബരിമല സ്ത്രീപ്രവേശന കേസ്; വിശദമായ നാള്‍വഴി കാണാം

By Web TeamFirst Published Nov 13, 2018, 4:20 PM IST
Highlights

പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ശബരിമല സ്ത്രീപ്രവേശന കേസില്‍ വിധി പറയുന്നത്. സ്ത്രീപ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള എല്ലാ കക്ഷികളുടെയും വാദപ്രതിവാദങ്ങള്‍ ഇഴകീറി പരിശോധിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞത്.

പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ശബരിമല സ്ത്രീപ്രവേശന കേസില്‍ വിധി പറയുന്നത്. സ്ത്രീപ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള എല്ലാ കക്ഷികളുടെയും  വാദപ്രതിവാദങ്ങള്‍ ഇഴകീറി പരിശോധിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞത്. കേസിന്‍റെ നാള്‍ വഴിയിലേക്ക്:

2006 ജൂലൈ 28

യങ് ലോയേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഭക്തിപശ്രീജ സേത്തി ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുളള നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

2006 ഓഗസ്റ്റ് 18

ചീഫ് ജസ്റ്റിസ് വൈ.കെ.സബര്‍വാള്‍, ജസ്റ്റിസ് എസ്.എച്ച്.കപാഡിയ, ജസ്റ്റിസ് സി.കെ.ഠക്കര്‍ എന്നിവരടങ്ങിയ ബഞ്ച് ഹര്‍ജി പരിഗണിച്ചു. ഭക്തിപശ്രീജയുടെ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിലുളള ദേവസ്വംബോര്‍ഡിന്‍റെ എതിര്‍പ്പ് കോടതി തളളി. 

2007 ജൂലൈ 11

ഹര്‍ജി ജസ്റ്റിസുമാരായ എസ്.ബി.സിന്‍ഹ, എച്ച്.എസ് ബേദി എന്നിവരടങ്ങിയ ബഞ്ചിലെത്തി. കേസില്‍ കക്ഷിചേരാന്‍ എന്‍.എസ്.എസിന് അനുമതി നല്‍കി.

2007 നവംബര്‍ 13

സ്ത്രീപ്രവേശനം ആകാമെന്ന് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

2007 നവംബര്‍ 16

കേസ് രണ്ടംഗ ബഞ്ച് വീണ്ടും പരിഗണിച്ചു. വി.എസ്. സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന എന്‍.എസ്.എസിന്‍റെ ആവശ്യം അംഗീകരിച്ചു.

2008 മാര്‍ച്ച് 3

കേസ് മൂന്നംഗ ബഞ്ച് പരിഗണിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്റ്റിസ് വി.എസ്.സിര്‍പുര്‍ക്കര്‍ കൂടി ബഞ്ചില്‍ അംഗമായി.  

2016 ജനുവരി 11

8 കൊല്ലങ്ങള്‍ക്കുശേഷം കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍.  ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി.ഘോഷ്, ജസ്റ്റിസ് എന്‍.വി.രമണ എന്നിവരടങ്ങിയ ബഞ്ച് ഹര്‍ജി പരിഗണിച്ചു. പുതിയ സത്യവാങ്മൂലം നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി ചോദിച്ചു.

2016 ഫെബ്രുവരി 05

ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തി സ്ത്രീപ്രവേശനത്തിലെ നിയന്ത്രണം തുടരണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

2016 ഫെബ്രുവരി 12

സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ സത്യവാങ്മൂലത്തെക്കുറിച്ച് അഭിഭാഷകന്‍ വി.ഗിരി സുപ്രീംകോടതിയെ അറിയിച്ചു.

2016 ഏപ്രില്‍ 11

ജസ്റ്റിസ് പി.സി.ഘോഷ്, ജസ്റ്റിസ് എന്‍.വി.രമണ എന്നിവര്‍ മൂന്നംഗ ബഞ്ചില്‍ നിന്ന് പിന്മാറി. പകരം ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരെത്തി.

2016 ഏപ്രില്‍ 11

കേസില്‍ വാദത്തിനിടെ ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഗോപാല്‍ഗൗഡയും യുവതീപ്രവേശനത്തിന് അനുകൂലമായ ചില പരാമര്‍ശങ്ങള്‍ നടത്തി.

2016 മേയ് 02

വാദത്തിനിടെ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഗോപാല്‍ഗൗഡ എന്നിവരില്‍ നിന്ന് വീണ്ടും യുവതീപ്രവേശനത്തിന് അനുകൂലമായ പരാമര്‍ശങ്ങള്‍. വിശ്വാസങ്ങളിലും ആചാരങ്ങളിലും കോടതി ഇടപെടേണ്ടതില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നിലപാടെടുത്തു.

2016 ജൂലൈ 11

സുപ്രീംകോടതി ബഞ്ചില്‍ വീണ്ടും മാറ്റം. ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന്‍ ജോസഫും മാറി. പകരം ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് സി.നാഗപ്പനുമെത്തി.

2016 നവംബര്‍ 07

കേസില്‍ പിണറായി സര്‍ക്കാരിന്‍റെ നിലപാട് ജയദീപ് ഗുപ്ത സുപ്രീംകോടതിയെ അറിയിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ സത്യവാങ്മൂലം പിന്‍വലിക്കാന്‍ അനുമതി തേടി.

2017 ഫെബ്രുവരി 20

ബഞ്ചില്‍ വീണ്ടും മാറ്റം. ജസ്റ്റിസ് നാഗപ്പനു പകരം ജസ്റ്റിസ് ആശോക്ഭൂഷണ്‍ എത്തി. ഹര്‍ജികള്‍ ഭരണഘടനാ ബഞ്ചിനു വിട്ടുകൊണ്ടുളള വിധി പറയാനായി കേസ് മാറ്റിവക്കുന്നു.

2017 ഒക്ടോബര്‍ 13

ഹര്‍ജി ഭരണഘടനാ ‍ബഞ്ചിനു വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവ്.

2018 ജൂലൈ 17

ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബഞ്ചില്‍ വാദം തുടങ്ങി.

2018 സെപ്റ്റംബര്‍ 28

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ ചരിത്രവിധി.

2018 ഒക്ടോബര്‍ 03

സുപ്രീംകോടതിവിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.

2018 ഒക്ടോബര്‍ 08

ഭരണഘടനാബഞ്ച് വിധിക്കെതിരെ എന്‍.എസ്.എസും ദേശീയ അയ്യപ്പഭക്ത സമിതിയും റിവ്യൂഹര്‍ജി നല്‍കി.

2018 ഒക്ടോബര്‍ 23

ഭരണഘടനാബഞ്ച് വിധിക്കെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും നവംബര്‍ 13-ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനം. ഹര്‍ജി പരിഗണിക്കുന്നത് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് എസ്.കെ.കൗള്‍ എന്നിവരടങ്ങിയ ബഞ്ച്.

2018 നവംബര്‍ 12

റിവ്യു ഹര്‍ജികളില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരം പിന്മാറി. പകരം ശേഖര്‍ നാഫ്ഡെ ഹാജരാകുമെന്ന് ദേവസ്വം ബോര്‍ഡ്.

2018 നവംബര്‍ 13 

പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ ഉത്തരവ്

click me!