കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ബിജെപിയിൽ അതൃപ്തി; രാജിക്കായി സമ്മര്‍ദ്ദം ശക്തം

By Web TeamFirst Published Oct 11, 2018, 10:02 AM IST
Highlights

ലൈംഗിക ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി  എം.ജെ അക്ബറിനെതിരെ ബിജെപിയിൽ അതൃപ്തി. അക്ബർ തുടരുന്നത് ശരിയല്ലെന്ന് ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. അക്ബര്‍ തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷമെന്നും വിലയിരുത്തൽ.

ദില്ലി: ലൈംഗിക ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബറിന്‍റെ രാജിക്കായി സമ്മർദ്ദം ശക്തമായി. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിർന്ന ബിജെപി നേതാക്കൾക്കും. രാജി സ്വയം തീരുമാനിക്കട്ടെ എന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.

എം.ജെ അക്ബറിനെതിരെ ബിജെപിയിൽ അതൃപ്തി ഉണ്ട്.. അക്ബർ തുടരുന്നത് ശരിയല്ലെന്ന് ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. അക്ബര്‍ തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷമെന്നും വിലയിരുത്തൽ. വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങാൻ അക്ബറിന് നിർദ്ദേശം നല്‍കി. അക്ബറിൻറെ വിശദീകരണം കേട്ട ശേഷം തുടർ നടപടി തീരുമാനിക്കുമെന്നും പാര്‍ട്ടി അറിയിച്ചു. 

അതിനിടെ എം ജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതൽ മാധ്യമപ്രവർത്തകർ രംഗത്തെത്തി. അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബ് തുറന്നെഴുതി.
'മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി'  ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്. ദില്ലിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം. 

വഴങ്ങാത്തപ്പോൾ ജ്യോതിഷ പംക്തി കൈകാര്യം ചെയ്ത സ്ത്രീയെ അയച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. പുസ്കങ്ങൾ വായിച്ച് ബിംബമായി കരുതിയിരുന്ന വ്യക്തിയിൽ നിന്നാണ് ഈ അനുഭവം ഉണ്ടായത്. ഒടുവിൽ രാജികത്ത് എം ജെ അക്ബറിൻറെ സെക്രട്ടറിയെ ഏൽപിച്ച് അവിടെ നിന്ന് കടന്നു എന്നും ഗസാല വഹാബ് പറയുന്നു. 

അക്ബറിൽ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഏഴാമത്തെ മാധ്യമപ്രവർത്തകയാണ് ഗസാല. അക്ബറിനെതിരെയുള്ള തുറന്നെഴുത്തുകൾ ശരിയെന്ന് നേരിട്ട് അറിയാമെന്ന് സാബാ നഖ്വിയും മധുപൂർണ്ണിമ കിശ്വാറും വ്യക്തമാക്കി. പ്രധാനമന്ത്രി, മന്ത്രിയുടെ രാജി ആവശ്യപ്പെടണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എംജെ അക്ബർ മൗനം തുടരുകയാണ്. അതേസമയം, മന്ത്രി രാജി വയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 


 

click me!