മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ മൂന്ന് നേതാക്കളെ വെെസ് പ്രസിഡന്‍റുമാരാക്കി ബിജെപി

By Web TeamFirst Published Jan 10, 2019, 10:40 PM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ദേശീയ തലത്തില്‍ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവ്‍രാജ് സിംഗ് ചൗഹാന്‍, രമണ്‍ സിംഗ്, വസുന്ധര രാജെ എന്നിവരെ ദേശീയ വെെസ് പ്രസിഡന്‍റുമാരായി നിയമിച്ചിരിക്കുന്നത്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ മൂന്ന് നേതാക്കളെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വെയ്പ്പിച്ച് ബിജെപി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ദേശീയ തലത്തില്‍ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവ്‍രാജ് സിംഗ് ചൗഹാന്‍, രമണ്‍ സിംഗ്, വസുന്ധര രാജെ എന്നിവരെ ദേശീയ വെെസ് പ്രസിഡന്‍റുമാരായി നിയമിച്ചിരിക്കുന്നത്.

രണ്ട് ദിവസം നീണ്ട ദേശീയ കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച് അമിത് ഷാ തീരുമാനമെടുത്തത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഭരണം ബിജെപിക്ക് നഷ്ടമായിരുന്നു.

യഥാക്രമം ശിവ്‍രാജ് സിംഗ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍ സിംഗ് എന്നിവരായിരുന്നു ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആണ് അധികാരത്തിലെത്തിയത്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ ഫലം പുറത്ത് വന്നിരുന്നു.

കേവല ഭൂരിപക്ഷമായ 272 എന്ന മന്ത്രിക സംഖ്യയിലെത്താന്‍ ബിജെപിക്ക് 15 സീറ്റിന്‍റെ കുറവുണ്ടാകുമെന്നാണ് ഇന്ത്യാ ടിവി സിഎന്‍എക്സ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 15-25 വരെയാണ്  543 ലോക്സഭാ മണ്ഡലങ്ങളില്‍ സര്‍വേ നടത്തിയത്.  എന്‍ഡിഎയ്ക്ക് 257 സീറ്റുകള്‍ ലഭിക്കുമെന്നും അതേസമയം സമാജ്‍വാദി, ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടികളില്ലാതെ യുപിഎയ്ക്ക് 146 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ ഫലം പറയുന്നു. 

click me!