
തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ ആൾമാറാട്ടം നടത്തി പോലീസ് വേഷത്തിൽ സന്നിധാനത്തെത്തിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി പരാതി നല്‍കി. ഐജിമാരായ എസ് ശ്രീജിത്തിനും മനോജ് എബ്രഹാമിനുമെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ആണ് പരാതി സമര്‍പ്പിച്ചത്.
കേരള പോലീസ് ആക്ടിലെ സെക്ഷൻ 43 ന്റെ ലംഘനമാണ് ഇവർ നടത്തിയിരിക്കുന്നതെന്ന് പരാതിയില്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നു. സെക്ഷന്‍ 43 പ്രകാരം സര്‍വീസില്‍ ഉള്ളവര്‍ക്കല്ലാതെ പൊലീസ് യൂണിഫോം ധരിക്കാന്‍ സാധിക്കില്ല. പൊലീസ് യൂണിഫോമിന് സമാനമായ വസ്ത്രം ധരിക്കുന്നത് കുറ്റകരമാണന്നിരിക്കെ സന്നിധാനത്ത് യുവതികളെ എത്തിക്കാന്‍ ആള്‍മാറാട്ടം നടത്തിയെന്ന് ബിജെപിയുടെ പരാതിയില്‍ പറയുന്നു.
ശബരിമലയിലേക്ക് പോകാൻ ശ്രമിച്ച യുവതികൾക്ക് പൊലീസ് യൂണിഫോം നൽകിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് നേരത്തെ കോൺഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷൻ കെ. മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിജെപിയും പരാതിയുമായി എത്തിയിരിക്കുന്നത്.
അതേസമയം, പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരക്ഷാ കവചവും നല്‍കിയത് ചട്ടലംഘനമല്ലെന്നുമാണ് അന്ന് വിവാദമുണ്ടായപ്പോള്‍ തന്നെ ഐജി ശ്രീജിത്ത് വ്യക്തമാക്കിയത്. യുവതികള്‍ നേരത്തേ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ കവചം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam