പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്ത ഇരുവരും, പ്രചാരണത്തിൽ തരൂരിനെ സജീവമായി പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം: ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് വിശദമായി ഇരുവരും ചർച്ച ചെയ്തു. സംസ്ഥാനത്ത് ഒട്ടാകെ പ്രചാരണത്തിൽ തരൂരിനെ സജീവമായി പങ്കെടുപ്പിക്കും. പ്രകടന പത്രിക, ദർശന രേഖ എന്നിവ തയ്യാറാക്കുന്നതിൽ തരൂരും പങ്കാളിയാകും. വിവിധ മേഖലകളിലുള്ള വരുമായും യുവാക്കളുമായും തരൂരിന്റെ സംവാദങ്ങൾ യുഡി എഫ് സംഘടിപ്പിക്കും. സജീവമായി പ്രചാരണത്തിലുണ്ടാകുമെന്ന് തരൂർ അറിയിച്ചതായാണ് വിവരം. രാവിലെ വഴുതക്കാട്ടെ ഫ്ളാറ്റിൽ എത്തിയാണ് തരൂരിനെ സതീശൻ കണ്ടത്.

ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളൂവെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്‌ പരിപാടിയിൽ പങ്കെടുത്തത് ഭീഷണി കൊണ്ടാണെന്ന ശിവൻകുട്ടിയുടെ വിമർശനത്തോടും തരൂര്‍ പ്രതികരിച്ചു. കോൺഗ്രസ്സിന്റെ വിജയം തന്നെയാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം. അതിന് തന്നെയാണ് നമ്മൾ പ്രവർത്തിക്കുന്നത്. യുഡിഎഫിന്‍റെ വിജയമാണ് ലക്ഷ്യം. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളൂ. അത് പല തവണ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി ജെ റോയിയുടെ മരണ വാർത്ത ഏറെ ദുഖകരമാണെന്നും ശശി തരൂർ പ്രതികരിച്ചു.