ശബരിമല സമരം ശക്തമാക്കാൻ ബിജെപി; കാസർകോഡ് മുതൽ പമ്പ വരെ രഥയാത്ര

By Web TeamFirst Published Oct 27, 2018, 12:39 AM IST
Highlights

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തതോടെ സമരം ശക്തമാക്കാൻ ബിജെപി തീരുമാനം.

തിരുവനന്തപുരം:  ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തതോടെ സമരം ശക്തമാക്കാൻ ബിജെപി തീരുമാനം. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. 

ഇതിന്‍റെ ഭാഗമായി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള കാസർകോഡ് മുതൽ പമ്പ വരെ രഥ യാത്ര നയിക്കും. അടുത്ത മാസം എട്ടുമുതലാണ് യാത്ര. കാസർകോട് മധുർ ക്ഷേത്രത്തിൽ തുടങ്ങി, പമ്പയിൽ യാത്ര അവസാനിക്കും. കണ്ണൂരിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ശബരിമലയില്‍ അക്രമികളെ തമ്പടിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മണ്ഡലകാലത്ത് ശബരിമലയില്‍ 2500 പൊലീസുകാരെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. സുരക്ഷാ പ്രശ്നങ്ങള്‍ തടയുന്നതിനായി ശബരിമലയിലേക്ക് വരാനുള്ള പ്രധാന വഴികളെല്ലാം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. തുലാമാസ പൂജ സമയത്ത് നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമടക്കം അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയും സ്വീകരിക്കുന്നത്. കോട്ടയത്തും പത്തനംതിട്ടയ്ക്കും പിന്നാലെ കേരളത്തിലുടനീളം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് വിശദീകരണ യോഗം സംഘടിപ്പിക്കാനാണ് സിപിഎം നിര്‍ദേശിച്ചിരിക്കുന്നത്. 

അതേസമയം വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. മുസ്ലിം ലീഗും വിശ്വാസികള്‍ പിന്തുണയറിയിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ച് ശബരിമലയില്‍ ആചാര ലംഘനം നടത്തിയാല്‍ നേരിടുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവര്‍ത്തിക്കുന്നു. 
 

click me!