അയ്യപ്പഭക്തസംഗമം വൈകിട്ട്; ബിജെപിയുടെ നിരാഹാരസമരം രാവിലെ അവസാനിപ്പിക്കും

By Web TeamFirst Published Jan 20, 2019, 7:29 AM IST
Highlights

സമരത്തില്‍ ചില ഏറ്റകുറച്ചിലുണ്ടായെങ്കിലും ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമത്തെ തുറന്നു കാട്ടാനായെന്നാണ് ബിജെപി.യുടെ അവകാശ വാദം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല സമരം 49ാം ദിവസമായ ഇന്ന് രാവിലെ 10.30നാണ് അവസാനിപ്പിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തുടക്കം കുറിച്ച നിരാഹരം സമരം ഇപ്പോള്‍ നയിക്കുന്നത് ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസാണ്. തുടക്കത്തിലെ ആവേശം, ഒടുക്കം വരെ നിലനിര്‍ത്താനായില്ല. 

യുവതികള്‍ ദര്‍ശനം നടത്തിയതും, രണ്ടാം നിര നേതാക്കള്‍ സമരം നയിക്കാനെത്തിയതും പ്രവര്‍ത്തകരുടെ വീര്യം കെടുത്തി. തുടര്‍ച്ചയായ ഹര്‍ത്താലുകളും തിരിച്ചടിയായി. സമരത്തില്‍ ചില ഏറ്റകുറച്ചിലുണ്ടായെങ്കിലും ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമത്തെ തുറന്നു കാട്ടാനായെന്നാണ് ബിജെപി.യുടെ അവകാശ വാദം. 

അതേസമയം ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് പുത്തരികണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,. തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

click me!