
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ വിവാദ പ്രസ്ഥാവന നടത്തിയ സംഭവത്തിൽ ന്യായീകരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. തെരഞ്ഞെടുപ്പ് പ്രചരണക്കാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാൽ അത്തരമൊരു വാഗ്ദാനം ജനങ്ങൾക്ക് നൽകരുതെന്നാണ് പറഞ്ഞതെന്ന് ഗഡ്കരി വ്യക്തമാക്കി. 2014 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
78 ദിവസങ്ങൾക്ക് മുമ്പ് ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖമാണിത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ദേവേന്ദ്ര ഫഡ്നവിസും ഗോപിനാഥ് മുണ്ടെയും ടോൾ പ്ലാസ ഫീസ് സംബന്ധിച്ച് നൽകിയ വാഗ്ദാനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഇതിനെ താൻ എതിർത്തു. തെരഞ്ഞെടുപ്പ് പ്രചരണക്കാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും അതിനാൽ അത്തരമൊരു വാഗ്ദാനം ജനങ്ങൾക്ക് നൽകരുത്. തങ്ങൾ കൂടുതൽ കാലവും പ്രതിപക്ഷത്തായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഭരണത്തിൽ കുറഞ്ഞ പരിചയം മാത്രമേ ഉള്ളൂ. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നതിനൊപ്പം ചില പ്രശ്നങ്ങളും നമ്മൾ അഭിമുഖീകരിക്കേണ്ടി വരും;- ഗഡ്കരി വ്യക്തമാക്കി.
ബിജെപി ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്നായിരുന്നു ഗഡ്കരിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടി അധികാരം കരസ്ഥമാക്കിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ നൽകിയാണ്. അതേസമയം അധികാരം കിട്ടിയില്ലെങ്കില്‍ വാഗ്ദാനങ്ങള്‍ കൊണ്ട് പ്രശ്‌നമില്ല. എന്നാൽ പാർട്ടി ജയിച്ചു അധികാരവും ലഭിച്ചു. ഇതോടെ വാഗ്ദാനങ്ങളെ പറ്റി ഒാരോ ദിവസവും ജനങ്ങൾ തങ്ങളോട് ചോദിക്കുകയാണ്. ഇതു കേട്ട് തങ്ങൾ ചിരിക്കുകയാണ്. കൂടാതെ തങ്ങളുടെ രീതിയിലൂടെ തന്നെ പോകുകയും ചെയ്യുന്നു... ഇതാണ് മറാത്തി മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിതിന്‍ ഗഡ്കരി പറയുന്നത്. ഇതിലാണ് അദ്ദേഹം ഇപ്പോള്‍ തിരുത്തല്‍ വരുത്തുന്നത്. താൻ എല്ലായ്പ്പോഴും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്നും മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നുമാണ് നിതിന്‍ ഗഡ്കരിയുടെ പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam