ശിവസേന കനിഞ്ഞില്ലെങ്കിൽ മഹാരാഷ്ട്രയിൽ ബി ജെ പിക്ക് അടിതെറ്റുമെന്ന് പാർട്ടി സർവ്വേ

By Web TeamFirst Published Dec 22, 2018, 3:49 PM IST
Highlights

ശിവസേന സഖ്യത്തിന് തയ്യാറായില്ലെങ്കിൽ പാർട്ടിക്ക് 18മുതൽ 20 സീറ്റുവരെയായി ചുരുങ്ങുമെന്നും അതേ സമയം കോൺ​ഗ്രസ്-എൻ സി പി സഖ്യം 22മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും സർവ്വേയിൽ പറയുന്നു.

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയാൽ മാത്രമേ മഹാരാഷ്ട്രയിൽ ബി ജെ പിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുവെന്ന് സർവ്വേ. ബി ജെ പിയുടെ ആഭ്യന്തര സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. ശിവസേനയുമായി ചേർന്നാൽ  ബി ജെ പിക്ക് 2014ലെ പ്രകടനം ആവർത്തിക്കാൻ സാധിക്കുമെന്നും 48ൽ 42സീറ്റുകളും നേടാൻ കഴിയുമെന്നും സര്‍വ്വേയില്‍ പറയുന്നതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. 

ശിവസേനയുമായി സഖ്യം ചേർന്നാൽ പാർട്ടിക്ക് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റ കക്ഷിയാകാൻ സാധിക്കുമെന്നും എന്നാൽ  2014ലേക്കാള്‍ കുറവ് സീറ്റ് മാത്രമേ നേടാൻ സാധിക്കുയുള്ളുവെന്നും അതേ സമയം ‌നാലഞ്ച് സീറ്റുകളില്‍ കൂടുതല്‍ നേടാൻ ശിവസേനക്ക് സാധിക്കുകയില്ലെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു. എന്നാൽ ബി ജെ പിയുമായി സഖ്യമുണ്ടാകില്ലെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ ആവർത്തിച്ച് പറയുന്ന വേളയിൽ സഖ്യരൂപീകരണം എളുപ്പമാകില്ലെന്നാണ് വിലയിരുത്തലുകൾ.

ശിവസേന സഖ്യത്തിന് തയ്യാറായില്ലെങ്കിൽ പാർട്ടിക്ക് 18മുതൽ 20 സീറ്റുവരെയായി ചുരുങ്ങുമെന്നും അതേ സമയം കോൺ​ഗ്രസ്-എൻ സി പി സഖ്യം 22മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും സർവ്വേയിൽ പറയുന്നു. ബി ജെ പിയുടെ ആഭ്യന്തര സർവേയുമായി പാർട്ടിക്ക്  യാതൊരു ബന്ധവുമില്ലെന്നും. ശിവസേനയുടെ തുടർ നടപടികൾ തീരുമാനിക്കാനുള്ള അവകാശം പ്രസിഡന്റ്  ഉദ്ധവ് താക്കറെക്കാണെന്നും സേന വക്താവ് മനീഷ കയാന്ദെ പറയുന്നു. 

അടുത്തിടെയായി ബി ജെ പി അധ്യക്ഷൻ അമിത് ഷാ മുംബൈയിൽ സന്ദർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോട് ശിവസേനയുമായി സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട  ചർച്ചകൾ നടത്തിരുന്നു. മഹാരാഷ്ട്രയിൽ 2014ലെ തെരഞ്ഞെടുപ്പിൽ 48ൽ 40 സീറ്റും ബി ജെ പിക്കായിരുന്നു ലഭിച്ചിരുന്നത്. ഇതിൽ കോൺ​ഗ്രസിന് രണ്ടും എൻ സി പിക്ക് അഞ്ച് സീറ്റുകളുമാണ് ലഭിച്ചത്.
 

click me!