
കാസര്‍കോട്: അഴിമതിയേക്കാള്‍ അപകടകരമാണ് ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയമെന്നും രാജ്യഭരണം ഏല്‍പ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും പ്രകാശ് രാജ്. കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. നിരന്തരം ചോദ്യം ചെയ്യപ്പെട്ട് കൊണ്ടിരുന്നാല്‍ മാത്രമേ ഭരണാധികാരിയെ തിരുത്താന്‍ സാധിക്കൂ. തങ്ങള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയരാന്‍ പോലും ബിജെപി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മതത്തിന്റെ പിന്നില്‍ ഒളിച്ച്, ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
ഭൂരിപക്ഷം കിട്ടാത്ത വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബിനാമി സര്‍ക്കാരുകളെ വെച്ച് ഇവര്‍ ഭരിക്കുന്നു. ബിജെപിയോട് തനിക്ക് വെറുപ്പില്ല. എന്നാല്‍ രാജ്യത്തെ ഏല്‍പിച്ചു കൊടുക്കാന്‍ പറ്റിയ പാര്‍ട്ടിയല്ലത്. ഒരു പ്രത്യേക സമുദായത്തെ ഇവിടെ നിന്നും തുടച്ചുനീക്കണമെന്നും ഭരണഘടന പൊളിച്ചെഴുതണമെന്നുമാണ് അവരുടെ നിലപാട്. ഇത് അത്യന്തം അപകടകരമാണ്. വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ താന്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയും പ്രചരണത്തിനിറങ്ങില്ല. എന്നാല്‍ ബിജെപിക്കെതിരെ പ്രചരണം നടത്തും. ഇനിയുമൊരു ഗൗരി ലങ്കേഷ് ഇവിടെ ആവര്‍ത്തിക്കരുത്. പ്രകാശ്‌രാജ് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ സ്വന്തം കഴിവ് കൊണ്ട് മാത്രമല്ല, സമൂഹത്തിന്റെ സ്‌നേഹം കൊണ്ടുകൂടിയാണ്. ആ സമൂഹത്തിന്റെ നിലനില്‍പ് അപകടത്തിലായത് കൊണ്ടാണ് ഞാനിപ്പോള്‍ ശബ്ദമുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ കര്‍ഷക മാര്‍ച്ച് സംഘടിപ്പിച്ച സിപിഎം തന്നെ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ കത്തിച്ച സാഹചര്യത്തില്‍ സിപിഎം പോലുള്ള പാര്‍ട്ടികളുടെ ഫാസിസ്റ്റ് നിലപാടുകളും എതിര്‍ക്കപ്പെടേണ്ടതല്ലേയെന്ന ചോദ്യത്തിന് ഫാസിസം ഏതു രൂപത്തിലായാലും എതിര്‍ക്കപ്പെടണമെന്ന് അദ്ദേഹം മറുപടിയായി പറഞ്ഞു. മതേതരത്വത്തിനും മാനവികതയ്ക്കും എതിരുനില്‍ക്കുന്ന ഏതൊരു ചിന്താഗതിയും എതിര്‍ക്കപ്പെടേണ്ടതാണ്.
സിപിഎം കര്‍ഷകരുടെ സമരം തകര്‍ത്തെങ്കില്‍ അവരുടെ നടപടിയും ബിജെപിയുടെ ഫാസിസം പോലെ അപകടകരമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളെന്താണ് നമുക്കെല്ലാവര്‍ക്കുമറിയാം. കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ കടമയാണ്. വിശപ്പിന് പ്രത്യേകിച്ചൊരു നിറമോ പ്രത്യയശാസ്ത്രമോ ഇല്ല. രജനീകാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ചോദ്യത്തിന് താന്‍ അവരെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. അവരെ ജനങ്ങള്‍ സ്‌നേഹിച്ചത് അവരുടെ സിനിമകള്‍ കൊണ്ടാണ്. ഇപ്പോള്‍ പുതിയൊരു മേഖലയില്‍ പ്രവേശിച്ചിരിക്കുന്നതിനാല്‍ അവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇവരുടെ രാഷ്ട്രീയപാര്‍ട്ടികള്‍ നിലവിലുള്ള രാഷ്ട്രീയപാര്‍ട്ടികളെപ്പോലെയാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam