ഹര്‍ത്താലില്‍ പരക്കെ അക്രമം; സിപിഎം ഓഫീസിന് തീയിട്ടു, പൊലീസ് ജീപ്പടക്കം വാഹനങ്ങള്‍ തകര്‍ത്തു

Published : Jan 03, 2019, 09:27 AM ISTUpdated : Jan 03, 2019, 10:01 AM IST
ഹര്‍ത്താലില്‍ പരക്കെ അക്രമം; സിപിഎം ഓഫീസിന് തീയിട്ടു,  പൊലീസ് ജീപ്പടക്കം വാഹനങ്ങള്‍ തകര്‍ത്തു

Synopsis

കോഴിക്കോട് പാലൂരിൽ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകർന്ന് ഡ്രൈവർ ഷനോജിനു പരിക്കേറ്റു. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകൾക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ടയർ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാർ വഴിതടഞ്ഞു.

അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.  എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്‍റെ ചില്ലുകൾ അക്രമികൾ എറിഞ്ഞ് തകർത്തു.  മലപ്പുറം തവനൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്. പാലക്കാട് വെണ്ണക്കരയിലും സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണമുണ്ടായി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  കാസർക്കോട് നീലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.

കോഴിക്കോട് പാലൂരിൽ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകർന്ന് ഡ്രൈവർ ഷനോജിനു പരിക്കേറ്റു. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പല ഇടങ്ങളിലും ശബരിമല കർമ്മ സമിതി നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.  എറണാകുളത്തും ഇടുക്കിയിലും വയനാട്ടിലും സംഘപരിവാര്‍ നേതാക്കളില്‍ പലരും കരുതല്‍ തടങ്കലിലാണ്. വയനാട്ടില്‍ എട്ട് ബിജെപി പ്രാദേശിക നേതാക്കളെയാണ്  കരുതൽ തടങ്കലിലാക്കിയത്. കൽപ്പറ്റ ബത്തേരി മാനന്തവാടി എന്നിവിടങ്ങളിലെ നേതാക്കളാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.

പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയിൽവെ സ്റ്റേഷനിലടക്കം രാവിലെ വന്നിറങ്ങിയവര്‍ ഹര്‍ത്താലിൽ ബുദ്ധിമുട്ടുകയാണ്. കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹിൽ കോയ റോഡിലും  ഹർത്താലാനുകൂലികൾ റോഡിൽ കല്ലിട്ടും ടയര്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികള്‍ കൊട്ടാരക്കരയില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്. ശബരിമല പാതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടപ്പിച്ചു.

പാലക്കാടും തൃശ്ശൂരും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ബെംഗളൂരുവില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല. കണ്ണൂര്‍ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചു.  കണ്ണൂര്‍ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബെംഗ്ലളൂരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറില്‍ ബസിന്‍റെ ചില്ല് തകര്‍ന്നു. 

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമല ദര്‍ശനത്തിനായി നൂറുകണക്കിന് തീര്‍ത്ഥാടനത്തിനായി സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് മാത്രമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്നുള്ള കെ എസ് ആർ ടി സി ബസ്സുകൾ സർവ്വിസുകൾ നിർത്തിവച്ചു. പമ്പയിലേക്ക് ചെങ്ങന്നൂരിൽ നിന്നും 16 സർവ്വീസുകൾ പമ്പയിലേക്ക് നടത്തി.  ഇന്നലെ രാത്രിയിൽ ജില്ലയിൽ മൂന്ന് ഇടങ്ങളിലാണ് ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായത്. നിലക്കലിൽ നിന്ന് ചെങ്ങന്നൂർ,കോട്ടയം,-കുമളി ,തിരുവനന്തപുരം  ബസ്സുകൾ കോൺവോയി ആയി സർവ്വീസ് പുറപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി
തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം