രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതി നൽകിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്ഐടി നടപടി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതി നൽകിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്ഐടി നടപടി. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് എസ്‍പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുറക്കാനാണ് എസ്ഐടി ശ്രമം. ഫോണിലെ മുഴുവൻ ഫയലുകളും പകര്‍ത്താൻ രണ്ട് ടിബിയുടെ ഹാര്‍ഡ് ഡിസ്കുകള്‍ എസ്ഐടി സംഘം വാങ്ങി.
ഇതുവരെ ഫോണുകളുടെ പാസ്‍വേര്‍ഡ് നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ടന്നും അത് പൊലീസ് നശിപ്പിക്കുമെന്നുമാണ് രാഹുൽ പറയുന്നത്. ലാപ്ടോപ് എവിടെയാണെന്നും രാഹുൽ പറയുന്നില്ല. അതേസമയം, തെളിവെടുപ്പിനായി രാഹുലിനെ പാലക്കാടേക്ക് കൊണ്ടുപോകില്ല. കേസിൽ അതിന്‍റെ ആവശ്യമില്ലെന്നും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ മാത്രം മതിയെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അതേസമയം, ഈമെയിൽ വഴി കേസ് എടുത്തതിൽ നിയമ പ്രശ്നമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. യുവതി നൽകിയ മെയിലിനൊപ്പം ഇ സിഗ്നേച്ചര്‍ ഉണ്ടെന്നും ഇതിനാൽ തന്നെ രാഹുലിന്‍റെ വാദം നിലനിൽക്കില്ലെന്നുമാണ് എസ്ഐടി വ്യക്തമാക്കുന്നത്.
പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്നാണ് രണ്ട് ഫോണുകളും പൊലീസ് പിടിച്ചെടുത്തത്. ശാസ്ത്രീയ പരിശോധനക്ക് അയച്ച് വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റാനാണ് ശ്രമം. ഫോണിൽ നിർണായക ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കയ്യിൽ എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് സമ്മതിച്ചിരുന്നില്ല. അത് പിന്നീട് റൂമിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വലിയ പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നുമാണ് രാഹുലിനെ ഹോട്ടലിലേക്ക് എത്തിച്ചത്. ക്ലബ് സെവൻ ഹോട്ടലിലെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം തിരികെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് എത്തിക്കും. രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിന്‍റെ ജാമ്യാക്ഷേ പരിഗണിക്കുന്നത്.



