മുൻ ബിജെപി എംഎൽഎയുടെ കൊലപാതകം; പ്രതി പാർട്ടി നേതാവെന്ന് പൊലീസ്

By Web TeamFirst Published Jan 25, 2019, 10:03 AM IST
Highlights

ജനുവരി എട്ടിനാണ് നബുജില്‍ നിന്നും അഹമ്മാദാബാദിലേയ്ക്കുള്ള ട്രെയിൻ യാത്രക്കിടെ വെടിയേറ്റ് ഭാനുശാലി കൊല്ലപ്പെടുന്നത്. 
 

അഹമ്മദാബാദ്: ഗുജറാത്തിലെ മുൻ ബി ജെ പി എം എൽ എയായ ജയന്തി ഭാനുശാലിയുടെ കൊലപാതക കേസിൽ പാർട്ടി നേതാവായ ഛബിൽ പട്ടേൽ മുഖ്യപ്രതിയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാഷ്ട്രീയ വൈരാ​ഗ്യം മൂലം ഇയാൾ ഭാനുശാലിയെ വാടകക്കൊലയാളികളെ കൊണ്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനുവരി എട്ടിനാണ് നബുജില്‍ നിന്നും അഹമ്മാദാബാദിലേയ്ക്കുള്ള ട്രെയിൻ യാത്രക്കിടെ വെടിയേറ്റ് ഭാനുശാലി കൊല്ലപ്പെടുന്നത്. 

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അബ്ദാസയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ഛബിൽ പട്ടേലും ഭാനുശാലിയുടെ എതിരാളിയായ പൊതുപ്രവർത്തക മനീഷ ഗോസ്വാമിയും ചേർന്നാണ് കൊല  ആസൂത്രണം ചെയ്തതെന്ന് എഡിജിപി അജയ് തോമർ പറഞ്ഞു. ഇവരുടെ നേതൃത്വത്തിൽ വാടകക്കൊലയാളികളായ അഷറഫ് അൻവർ ശൈഖ്, ദാദാ വഗലേ എന്ന ശശികാന്ത് എന്നിവരാണ് കൃത്യം നടത്തിയത്. ഭാനുശാലി സഞ്ചരിച്ചിരുന്ന എസി കോച്ചിൽ കടന്ന് കൊല നടത്തിയ സംഘം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി രക്ഷപ്പെടുകയായിരുന്നു.

2007ൽ അബ്ദാസയിലെ എംഎൽഎയായിരുന്നു ഭാനുശാലി. അന്ന് കോൺ​ഗ്രസിലായിരുന്ന ഛബിൽ 2012ൽ ഭാനുശാലിയെ തോൽപിച്ച് എംഎൻഎ ആകുകയും പിന്നീട് ബിജെപിയിൽ ചേരുകയുമായിരുന്നു. തുടർന്ന് 2017ൽ ഛബിലിന്  സീറ്റ് ലഭിച്ച് മത്സരിച്ചുവെങ്കിലും തോറ്റു. എന്നാൽ തന്റെ തോൽവിക്ക് പിന്നിൽ ഭാനുശാലിയാണെന്ന് ഛബിൽ ആരോപിച്ചിരുന്നു. ശേഷം ഭാനുശാലിക്കെതിരെ ​​ബലാത്സം​ഗ ആരോപണവുമായി യുവതി രം​ഗത്തെത്തുകയുണ്ടായി. ഇതോടെ ഇദ്ദേഹം രാജി വെക്കുകയും ചെയ്തു. കച്ച് ജില്ലയിലെ ബി ജെ പി വൈസ് പ്രസിഡന്റായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി. 

സംഭവത്തിന് ശേഷം ഛബില്‍ പട്ടേൽ യുഎസിലേക്ക് പോകുകയും കൊലയാളികൾ പൂനെയിലേയ്ക്ക് തിരികെ പോകുകയും ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ സഹായിച്ച മറ്റ് രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളെയും എത്രയും വേ​ഗം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

click me!