കോഴിക്കോട് ഇരട്ട സ്ഫോടനം: രണ്ടാം പ്രതി അസ്ഹറിനെ ദില്ലിയില്‍ വച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തു

By Web TeamFirst Published Jan 25, 2019, 1:54 AM IST
Highlights

2006 ൽ കോഴിക്കോട് ബസ്സ് സ്റ്റാൻറിൽ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതിയെ എൻഐഎ അറസ്റ്റു ചെയ്തു.

ദില്ലി: 2006 ൽ കോഴിക്കോട് ബസ്സ് സ്റ്റാൻറിൽ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതിയെ എൻഐഎ അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശി മുഹമ്മദ് അസ്ഹറാണ് ദില്ലി വിമാനത്താവളത്തിൽ പിടിയിലായത്. കഴിഞ്ഞ 12 വർഷമായി സൗദി അറേബ്യയിൽ ഒളിവിൽ കഴിയുകയായിരുന്നു അസ്ഹർ.

കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറുമായി ചേർന്ന് 2006 ലാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻറിലും സമീപത്തുള്ള മോഫ്യൂസൽ ബസ്റ്റാന്റിലും ഇവരുടെ സംഘം സ്ഫോടനം നടത്തിയത്. മാറാട് കലാപ കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിനായിരുന്നു സ്ഫോടനം. അന്ന് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. 

2009 ലാണ് കേസന്വേഷണം എൻഐഎ ഏറ്റെടുത്തത്. കേസിൽ പിടിയിലായ തടിയന്‍റവിട നസീറിനെയും ഷഫാസിനെയും 2011 ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സൗദി അറേബ്യയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെയാണ് മുഹമ്മദ് അസ്ഹർ ദില്ലി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് എൻഐഎയുടെ പിടിയിലായത്.  

സംഭവത്തിനു ശേഷം അസ്ഹർ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ ദില്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി കൊച്ചിയിലെത്തിക്കും. 

click me!