
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയ ഭൂമിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ
രൂക്ഷമായി അധിക്ഷേപിച്ച് ബി ജെ പി നേതാവ്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ കൈലാശ് വിജയ്‍വര്‍ഗിയ ആണ് രാഹുലിനെ അധിക്ഷേപിച്ച് കൊണ്ട് രംഗത്തെത്തിരിക്കുന്നത്. വിദേശ വനിതക്ക് ജനിച്ച കുഞ്ഞിന് രാജ്യസ്നേഹം ഉണ്ടാകില്ലെന്നായിരുന്നു കൈലാശിന്റെ അധിക്ഷേപം. തന്റെ ട്വിറ്ററിലൂടെയായിരുന്നു നേതാവിന്റെ പരാമർശം.
'വിദേശ വനിതക്ക് ജനിച്ച കുഞ്ഞിന് ഒരിക്കലും തന്റെ രാജ്യത്തെ സ്നേഹിക്കാനോ രാഷ്ട്ര താൽപര്യങ്ങളോ ഉണ്ടാവില്ല'- എന്നായിരുന്നു കൈലാസിന്റെ ട്വീറ്റ്. 'ശനിയാഴ്ചയിലെ പ്രചോദനം' എന്ന ഹാഷ്ടാഗോടുകൂടിയാണ് നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വർഷങ്ങളായി കോൺഗ്രസിനൊപ്പം നിന്ന് പ്രവർത്തിച്ച ആളാണ് സോണിയ ഗാന്ധി. അവരെ പറ്റിയുള്ള വിദ്വേഷ പരാമര്‍ശത്തിനെതിരെ നിരവധി പേർ ട്വിറ്ററിലൂടെ പ്രതിക്ഷേധിക്കുകയും വിമര്‍ശനമുയര്‍ത്തുകയും ചെയ്തതോടെ കൈലാശ് ട്വീറ്റ് പിൻവലിക്കുകയായിരുന്നു.
കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദിയാണ് കൈലാശിന്റെ ട്വീറ്റിനെതിരെ ആദ്യം രംഗത്തെത്തിയത്. മധ്യപ്രദേശിലെ തോൽവി കാരണം കൈലാശ് മാനസികമായി തകർന്ന് പോയെന്നും എത്രയും പെട്ടെന്ന് ചികിത്സ ആവശ്യമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുലിന്റെ അമ്മയും മുതിർന്ന കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധി ഇറ്റലിയിലാണ് ജനിച്ചത്. എന്നാല്‍ തന്റെ ‘യഥാര്‍ത്ഥ രാജ്യം’ ഇന്ത്യയാണെന്ന് സോണിയ ഗാന്ധി നേരത്തെ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam