ബി ജെ പിയിൽ ഭിന്നത: ഹർത്താലിനെ തള്ളി കണ്ണന്താനം; ന്യായീകരിച്ച് ശ്രീധരൻപിള്ള

By Web TeamFirst Published Dec 16, 2018, 1:53 PM IST
Highlights

വേണുഗോപാലൻ നായരുടെ ആത്മഹത്യയുടെ പേരിലെ ഹർത്താലിനെ ചൊല്ലി ബി ജെ പിയിൽ ഭിന്നത. ഹർത്താൽ പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് കണ്ണന്താനം. എല്ലാവരുമായും ആലോചിച്ചാണ് ഹർത്താൽ തീരുമാനിച്ചതെന്ന് ശ്രീധരൻപിള്ള.

തിരുവനന്തപുരം: വേണുഗോപാലൻ നായരുടെ ആത്മഹത്യയുടെ പേരിലെ ഹർത്താലിനെ ചൊല്ലി ബി ജെ പിയിൽ ഭിന്നത. ഏത് സംഘടന നടത്തിയാലും ഹർത്താൽ പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. എല്ലാവരുമായും ആലോചിച്ചാണ് ഹർത്താൽ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻപിള്ള വിശദീകരിച്ചു.

ശബരിമല സമരം മലയിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതിനെ ചൊല്ലി ബി ജെ പിയിൽ ഇതിനകം ഭിന്നതയുണ്ട്. അതിനിടെയായിരുന്നു സമരപ്പന്തലിന് മുന്നിൽ വേണുഗോപാലൻ നായരുടെ ആത്മഹത്യയുടെ പേരിലെ ഹർത്താൽ. കോർകമ്മിറ്റി അംഗങ്ങളുമായി ആലോചിക്കാതെ ഹർത്താൽ തിടുക്കത്തിൽ പ്രഖ്യാപിച്ചെന്ന വിമർശനമാണ് മുരളീധരപക്ഷത്തിനുള്ളത്. മരണമൊഴി പുറത്തുവന്നതോടെ പാർട്ടി വെട്ടിലായെന്ന് ഗ്രൂപ്പിനതീതമായ അഭിപ്രായവും ഉയരുന്നുണ്ട്. ശബരിമല പ്രശ്നത്തിലെ സമരത്തിൻറെ തീവ്രത പോയതിന് പിന്നാലെ അടിക്കടിയുള്ള ഹർത്താൽ ജനവികാരം പാർട്ടിക്കെതിരാക്കിയെന്നാണ് കുറ്റപ്പെടുത്തൽ.

പ്രധാനമന്ത്രി തന്നെ ഹർത്താലിനെ അനുകൂലിച്ചതാണ് സംസ്ഥാന അധ്യക്ഷനെ അനുകൂലിക്കുന്നവരുടെ പ്രധാന പ്രതിരോധം. കൂടിയാലോചന ഉണ്ടായില്ലെന്ന വിമർശനങ്ങളെ ശ്രീധരൻപിള്ള തള്ളി. സെക്രട്ടറിയേറ്റിന് മുന്നിൽ പതിനഞ്ച് ദിവസം നിരാഹാരസമരം എന്നായിരുന്നു ആദ്യം നേതൃത്വം പ്രഖ്യാപിച്ചത്. പിന്നീട് നീട്ടിയതും വേണ്ടത്ര ആലോചനയുല്ലാതെയാണെന്നും മുരളീധരപക്ഷം പറയുന്നു. സമരം പതിനാലാം ദിവസം പിന്നിടുന്നു. സികെ പത്മനാഭൻറെ ആരോഗ്യനില മോശമായാൽ ശോഭാസുരേന്ദ്രനെ പകരം സമരത്തിനിറക്കാനാണ് നേതൃത്വത്തിൻറെ നീക്കം.
 

click me!