ഗൗരി ലങ്കേഷ് വധക്കേസ് പ്രതികളുടെ രേഖാചിത്രം ബിജെപി എംഎല്‍എയെ വെട്ടിലാക്കി

By Web DeskFirst Published Oct 17, 2017, 7:13 AM IST
Highlights

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് പ്രതികളുടെ രേഖാചിത്രം അന്വേഷണസംഘം പുറത്തുവിട്ടപ്പോള്‍ വെട്ടിലായത് കര്‍ണാടകത്തിലെ ബിജെപി എംഎല്‍എയുടെ പിഎ. രേഖാചിത്രവുമായുളള രൂപസാദൃശ്യമാണ് തുംകൂര്‍ എംഎല്‍എയുടെ പി എ പ്രഭാകറിനെ സംശയത്തിന്റെ നിഴലിലാക്കിയത്. കൊലപാതകത്തില്‍ പങ്കില്ലെന്നും ചിത്രം മാറ്റിവരച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്നുമാണ് പ്രഭാകറിന്റെ മറുപടി.

ജി എ പ്രഭാകര്‍ എന്ന ബിജെപി പ്രവര്‍ത്തകന്‍, തുകൂരു ബിജെപി എംഎല്‍എ സുരേഷ് ഗൗഡയുടെ പേഴ്‌സണല്‍ അസിസ്റ്റന്റാണ്. ഇപ്പോള്‍ നോട്ടപ്പുള്ളിയും. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടതോടെയാണ് പ്രഭാകര്‍ കുടുങ്ങിയത്. ഒരു പ്രതിക്ക് പ്രഭാകറിന്റെ അതേ മുഖം. മുടിയും മീശയും പുരികവും മൂക്കും പിന്നെ നെറ്റിയിലെ പൊട്ട് വരെ കൃത്യം. സമൂഹമാധ്യമങ്ങളില്‍ ശനിയാഴ്ച മുതല്‍ രേഖാചിത്രം പ്രചരിച്ചു. തുകൂരിലുളളവര്‍ ഇത് സുരേഷ് എംഎല്‍എയുടെ പിഎ അല്ലേ എന്ന് സംശയം  പറഞ്ഞു. പിന്നെ തുരുതുരാ ഫോണ്‍വിളികള്‍. ചോദ്യങ്ങള്‍. ഫേസ്ബുക്കിലും ട്വിറ്ററിലും പ്രഭാകറിന് ചീത്തവിളി. ഒടുവില്‍ വിശദീകരണവുമായി പ്രഭാകര്‍ രംഗത്തുവന്നു. ബെംഗളൂരുവില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ആര്‍ ആര്‍ നഗര്‍ എവിടെയെന്ന് പോലും തനിക്കറിയില്ല. കൊലപാതകവുമായി ഒരു ബന്ധവുമില്ല. രേഖാചിത്രം മാറ്റിവരച്ചില്ലെങ്കില്‍ സമരം ചെയ്യും.

സംഘപരിവാറാണ് ഗൗരിയെ വധിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ തന്റെ ചിത്രം മനപ്പൂര്‍വം വരച്ചുവെന്നും പ്രഭാകര്‍ ആരോപിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല.ഗൗരി കൊല്ലപ്പെട്ട സമയം തുകുരുവില്‍ തനിക്കൊപ്പമായിരുന്നു പ്രഭാകറെന്ന് എംഎല്‍എ സുരേഷും വ്യക്തമാക്കി.ഇതെല്ലാം കേട്ട് കൊലയാളി താനല്ലേയെന്ന ചോദ്യം അവസാനിപ്പിക്കണമെന്ന് പ്രഭാകറിന്റെ അപേക്ഷ.

click me!