'രാജ്യം വിടാന്‍ തയ്യാറാകാത്ത നിയമവിരുദ്ധ ബംഗ്ലാദേശി താമസക്കാരെ വെടിവയ്ക്കണം'

By Web TeamFirst Published Aug 1, 2018, 1:16 PM IST
Highlights

ബംഗ്ലാദേശില്‍ നിന്നുള്ള അധികൃത കുടിയേറ്റക്കാര്‍ രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അസമില്‍ താമസം തുടരുന്നതെന്ന് രാജ സിംഗ്. ഇവരെയെല്ലാം തിരിച്ചയയ്ക്കാൻ കേന്ദ്രസർക്കാർ മുൻകയ്യെടുക്കണമെന്നും എം.എല്‍.എ

ഹൈദരാബാദ്: അസമില്‍ നാല്‍പത് ലക്ഷം പേരെ ഇന്ത്യന്‍ പൗരരല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ഹൈദരാബാദില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ടി. രാജ സിംഗ്. നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശികളും റോഹിങ്ക്യകളും രാജ്യം വിടാന്‍ തയ്യാറായില്ലെങ്കില്‍ ഇവരെ വെടിവച്ചിടണമെന്നാണ് രാജ സിംഗിന്റെ പരാമര്‍ശം. 

'നിയമവിരുദ്ധ താമസക്കാരായ ബംഗ്ലാദേശികളോടും റോഹിങ്ക്യകളോടും ആദ്യം അവരുടെ ഭാഷയില്‍ തന്നെ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടണം. എന്നിട്ടും പോകാന്‍ ഒരുക്കമല്ലെങ്കില്‍ അവരെയെല്ലാം വെടിവച്ചിടണം. എങ്കില്‍ മാത്രമേ ഇന്ത്യ രക്ഷപ്പെടൂ. 1971ല്‍ ഇന്ത്യ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചു. അന്ന് നിരവധി ബംഗ്ലാദേശികളാണ്  അസമിലേക്ക് നുഴഞ്ഞുകയറി താമസം തുടങ്ങിയത്. ഇപ്പോഴും ഇവിടെ കഴിയുന്ന ലക്ഷക്കണക്കിന് നിയമവിരുദ്ധ താമസക്കാരുണ്ട്, അവരെയെല്ലാം തിരിച്ചയക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്.'- രാജ സിംഗ് പറഞ്ഞു. 

ബംഗ്ലാദേശില്‍ നിന്നുള്ള അധികൃത കുടിയേറ്റക്കാര്‍ രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അസമില്‍ താമസം തുടരുന്നതെന്നും രാജ സിംഗ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് അസമിലെ  നാല്‍പ്പത് ലക്ഷം പേര്‍ ഇന്ത്യന്‍ പൗരരല്ലെന്ന് കണ്ടെത്തിയത്. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഇവരുടെ കൈവശമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഇവരെ നാടുകടത്താന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
 

click me!