'അയോധ്യ ബുദ്ധന്റെ സ്ഥലം, അവിടെ സ്ഥാപിക്കേണ്ടത് ബുദ്ധന്റെ പ്രതിമ'; വിമതസ്വരവുമായി ദളിത് ബിജെപി എംപി

By Web TeamFirst Published Nov 10, 2018, 6:53 PM IST
Highlights

'തര്‍ക്കഭൂമിയായ അയോധ്യയില്‍ ഹൈക്കോടതി വിധിപ്രകാരം നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത് ബുദ്ധദേവനുമായി ബന്ധപ്പെട്ട സാധനങ്ങളാണ്. ഭാരതം ബുദ്ധന്റെതായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധന്റെ പ്രതിമയാണ് അയോധ്യയില്‍ സ്ഥാപിക്കേണ്ടത്.'

ഗോണ്ട: തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും രാമന്റെ പ്രതിമ സ്ഥാപിക്കാനും ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെ വിമതസ്വരവുമായി ദളിത് ബിജെപി എംപി. ബഹ്‌റയ്ക്കില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപി സാവിത്രി ഭായ് ഫൂലെയാണ് വിമതസ്വരവുമായി രംഗത്തെത്തിയിരിക്കുന്നത്. 

'തര്‍ക്കഭൂമിയായ അയോധ്യയില്‍ ഹൈക്കോടതി വിധിപ്രകാരം നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത് ബുദ്ധദേവനുമായി ബന്ധപ്പെട്ട സാധനങ്ങളാണ്. ഭാരതം ബുദ്ധന്റെതായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധന്റെ പ്രതിമയാണ് അയോധ്യയില്‍ സ്ഥാപിക്കേണ്ടത്.'- സാവിത്രി ഭായ് ഫൂലെ പറഞ്ഞു. 

മുമ്പും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമതശബ്ദവുമായി പരസ്യമായി രംഗത്തെത്തിയ ആളാണ് സാവിത്രി ഭായ് ഫൂലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദളിത് വിരുദ്ധരാണെന്നായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. ബിജെപി എംപിയാകും മുമ്പ് തന്നെ ദളിത് ആക്റ്റിവിസ്റ്റും സ്ത്രീവിമോചകയുമായിരുന്നു സാവിത്രി ഭായ് ഫൂലെ. 

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭരണഘടന അനുശാസിക്കുന്നത് പ്രകാരം എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്നും ഭരണഘടന അനുസരിച്ച് മാത്രമേ ജീവിക്കാവൂയെന്നും ഇവര്‍ പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ബിജെപി എംപി രാകേഷ് സിന്‍ഹ പാര്‍ലമെന്റില്‍ സ്വകാര്യബില്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടുള്ള മറുപടിയായാണ് സാവിത്രി ഭായ് ഫൂലെ ഇത്തരത്തില്‍ പ്രതികരിച്ചത്.
 

click me!