മുസ്ലീം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ മുസ്ലീം വനിതയെ ഇറക്കി ബിജെപി

By Web TeamFirst Published Nov 3, 2018, 11:32 PM IST
Highlights

നീണ്ട കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യവുമായാണ് അഖ്ബറുദ്ദീന്‍ ഒവൈസി ഈ തെരഞ്ഞെടുപ്പിനെയും നേരിടുന്നത്. 1999, 2004, 2009, 2014 കാലഘട്ടങ്ങളില്‍ നിയമസഭയിലേക്ക് ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയ അഖ്ബറുദ്ദീനെ തോല്‍പിക്കാന്‍ ബിജെപിയുടെ തന്ത്രം മതിയാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

ഹൈദരാബാദ്: മുസ്ലീം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് തോല്‍പിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മുസ്ലീം വനിതയെ ഇറക്കി ഹൈദരാബാദില്‍ ബിജെപി. ഓള്‍ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അഖ്ബറുദ്ദീന്‍ ഒവൈസിക്കെതിരെ ചന്ദ്രയാന്‍ഗുട്ടയിലാണ് മുസ്ലീം വനിതയെ ബിജെപി മത്സരിപ്പിക്കുന്നത്. 

ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ നേതാവായിരുന്ന സയെദ് ഷെഹ്‌സാദിയെന്ന വനിതയെയാണ് അഖ്ബറുദ്ദീന്‍ ഒവൈസിക്കെതിരെ മത്സരിക്കാന്‍ ബിജെപി തെരഞ്ഞെടുത്തിരിക്കുന്നത്. ഓള്‍ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന്റെ പ്രമുഖ നേതാവായ അസദുദ്ദീന്‍ ഒവൈസിയുടെ ഇളയ സഹോദരനാണ് അഖ്ബറുദ്ദീന്‍. 

നീണ്ട കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യവുമായാണ് അഖ്ബറുദ്ദീന്‍ ഒവൈസി ഈ തെരഞ്ഞെടുപ്പിനെയും നേരിടുന്നത്. 1999, 2004, 2009, 2014 കാലഘട്ടങ്ങളില്‍ നിയമസഭയിലേക്ക് ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയ അഖ്ബറുദ്ദീനെ തോല്‍പിക്കാന്‍ ബിജെപിയുടെ തന്ത്രം മതിയാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എങ്കിലും കടുത്ത രാഷ്ട്രീയ പരീക്ഷണങ്ങളാണ് ബിജെപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പയറ്റാന്‍ തയ്യാറെടുക്കുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു. 

ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്കായി തങ്ങളുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ബിജെപി ഷെഹ്‌സാദിയുടെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 28 പേരാണ് ആകെ രണ്ടാംഘട്ട പട്ടികയിലുള്ളത്. ആദ്യഘട്ടത്തില്‍ 38 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിരുന്നു.

click me!