3000 കോടിയുടെ പ്രതിമ നിര്‍മ്മിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കുന്നതെന്തിന്; ബ്രിട്ടിഷ് എംപിയുടെ ചോദ്യം

By Web TeamFirst Published Nov 3, 2018, 10:13 PM IST
Highlights

ബ്രിട്ടണ്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി 1.1 ബില്യണ്‍ പൗണ്ട് അഥവാ പതിനായിരം കോടിയിലധികം രൂപയാണ് ഇന്ത്യക്ക് സാമ്പത്തിക സഹായമായി നല്‍കിയിട്ടുള്ളതെന്ന് പീറ്റര്‍ ബോണ്‍ എംപി ചൂണ്ടികാട്ടി. ഇതേ കാലയളവില്‍ ഇന്ത്യ മൂവായിരം കോടിയോളം രൂപ ചിലവിട്ട് പ്രതിമ നിര്‍മ്മിക്കുകയായിരുന്നു.  ശുദ്ധ മണ്ടത്തരവും ജനങ്ങളെ ഭ്രാന്തരാക്കുന്നതുമായ തീരുമാനമാണത്

ലണ്ടന്‍: ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയുള്ള രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. ഗുജറാത്തിലെ നര്‍മ്മദ നദിയുടെ തീരത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന രാജ്യത്ത് 3000 കോടിയോളം രൂപ ചിലവഴിച്ച് ഇത്തരത്തില്‍ പ്രതിമ നിര്‍മ്മിച്ചത് തെറ്റായ തീരുമാനമാണെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ബ്രിട്ടിഷ് എംപി പീറ്റര്‍ ബോണ്‍, ബ്രിട്ടണ്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. 3000 കോടി രൂപയുടെ പ്രതിമ നി‌ര്‍മ്മിക്കാന്‍ ശേഷിയുള്ള രാജ്യത്തിന് ബ്രിട്ടണ്‍ എന്തിനാണ് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചതായി പ്രമുഖ അന്താരാഷ്ട്രാ മാധ്യമമായ ഡെയ്ലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രിട്ടണ്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി 1.1 ബില്യണ്‍ പൗണ്ട് അഥവാ പതിനായിരം കോടിയിലധികം രൂപയാണ് ഇന്ത്യക്ക് സാമ്പത്തിക സഹായമായി നല്‍കിയിട്ടുള്ളതെന്ന് പീറ്റര്‍ ബോണ്‍ എംപി ചൂണ്ടികാട്ടി. ഇതേ കാലയളവില്‍ ഇന്ത്യ മൂവായിരം കോടിയോളം രൂപ ചിലവിട്ട് പ്രതിമ നിര്‍മ്മിക്കുകയായിരുന്നു.  ശുദ്ധ മണ്ടത്തരവും ജനങ്ങളെ ഭ്രാന്തരാക്കുന്നതുമായ തീരുമാനമാണത്.  ബ്രിട്ടണ്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം നല്‍കുമ്പോള്‍ ഇന്ത്യ ചെയ്യുന്നത് പ്രതിമ നിര്‍മ്മിക്കലാണ്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പണം ഉപയോഗിക്കാതെ ഇത്തരത്തില്‍ പ്രതിമ നിര്‍മ്മിക്കുന്നതുകൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണുണ്ടാകുക, അദ്ദേഹം ചോദിച്ചു. ബ്രിട്ടന്‍റെയടക്കം സാമ്പത്തിക സഹായം ഇന്ത്യക്ക് വേണ്ട എന്നതാണ് ഇത് കാണിക്കുന്നത്.

സ്ത്രീ സംരക്ഷണത്തിനും സോളാര്‍ പാനലുകളുടെ നിര്‍മ്മാണത്തിനും മറ്റുമായാണ് ഇന്ത്യക്ക് ബ്രിട്ടണ്‍ സാമ്പത്തിക സഹായം നല്‍കിവരുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2012 കാലയളവിലാണ് പട്ടേലിന്‍റെ പ്രതിമ ഇത്തരത്തില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഒരുക്കിയത്. പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ അത് നടപ്പാക്കുകയായിരുന്നെന്ന് പീറ്റര്‍ ബോണ്‍ പറഞ്ഞതായും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നു.

click me!