യുപിയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ പരാമര്‍ശം; കമല്‍ നാഥിനെതിരെ ബിജെപി

By Web TeamFirst Published Dec 19, 2018, 8:03 AM IST
Highlights

ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളെക്കുറിച്ചുള്ള കമൽ നാഥിന്‍റെ പരാമർശത്തിനെതിരെ പരക്കെ അമർഷം.  യു പിയില്‍  നിന്നുള്ള തൊഴിലാളികൾ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങൾ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്‍റെ പരാമര്‍ശം. 

ഭോപ്പാല്‍: ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരായ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്‍റെ പരാമര്‍ശത്തിനെതിരെ ബി ജെ പി രംഗത്ത്. യു പി, ബീഹാര്‍ എന്നിവിടങ്ങളില്‍  നിന്നുള്ള തൊഴിലാളികൾ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങൾ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്‍റെ പരാമര്‍ശം. തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിൽ, 70  ശതമാനത്തിൽ കൂടുതൽ സ്വദേശികളെ ജോലിക്ക് നിയോഗിക്കുന്ന കമ്പനികൾക്ക് നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും നൽകുമെന്നും കമൽനാഥ് പ്രഖ്യാപിച്ചിരുന്നു. 

യു പി, ബീഹാർ സ്വദേശികൾ നാട്ടുകാരുടെ കഞ്ഞിയിൽ മണ്ണിടുന്നവരാണെന്നും കമൽ നാഥ് പരാമർശിച്ചിരുന്നു. ഇതിനെതിരെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തികഞ്ഞ അമർഷം രേഖപ്പെടുത്തി.  ഇത്തരത്തിലുള്ള സങ്കുചിത പ്രസ്താവനകൾ അനാവശ്യമാണെന്നും, മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേരുന്നതല്ലെന്നും അഖിലേഷ് പറഞ്ഞു. " ഇതിനുമുമ്പ് ഇത്തരത്തിലുള്ള വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള പ്രാദേശിക വാദം ഞങ്ങൾ കേട്ടത് മഹാരാഷ്ട്രയിൽ നിന്നായിരുന്നു. ഇതേ വാദങ്ങൾ പിന്നീട് ദില്ലിയിലും കേൾക്കുകയുണ്ടായി. ഇപ്പോൾ ഇതാ മധ്യപ്രദേശിലും..." അഖിലേഷ് പറഞ്ഞു.

കമൽനാഥിന്‍റെ പ്രസ്താവനയ്‌ക്കെതിരെ  ബി ജെ പിയിലും പരക്കെ പ്രതിഷേധസ്വരങ്ങൾ  ഉയരുകയുണ്ടായി. പ്രാദേശിക വാദത്തിന്‍റെ കാളകൂട വിഷമാണ് കമൽനാഥ് ചീറ്റുന്നതെന്ന് ബീഹാർ ബി ജെ പി അധ്യക്ഷൻ നിത്യാനന്ദ റായി പറഞ്ഞു. കമൽനാഥ് പോലും മധ്യപ്രദേശിൽ വരത്തനാണെന്നും, സ്വദേശിവാദം ആദ്യം നടപ്പിലാക്കേണ്ടത്  രാഷ്ട്രീയത്തിലാണെന്നും, മധ്യപ്രദേശിലെ  ബി ജെ പി നേതാവ് കൈലാഷ് വിജയ് വർഗ്ഗിയ പറഞ്ഞു. കാൺപൂരിൽ ജനിച്ച് പശ്ചിമബംഗാളിൽ പഠിച്ചു വളർന്ന കമൽനാഥിന് മധ്യപ്രദേശിലെ മുഖ്യമന്ത്രിയാവാമെങ്കിൽ യു പി, ബീഹാർ സ്വദേശികൾക്കിവിടെ ജോലിയും ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിലെ ബി ജെ പി ഘടകം ഈ വിഷയത്തിൽ കമൽനാഥിന്‍റെ ദില്ലിയിലെ വസതിക്കുമുന്നിൽ ധർണ്ണ സംഘടിപ്പിക്കുകയും അദ്ദേഹത്തിന്‍റെ പേരെഴുതിയ ബോർഡിൽ കരിവാരിത്തേച്ച് പ്രതിഷേധിക്കുകയും ചെയ്തു. 

ബീഹാറിലെ കോൺഗ്രസ്സിന്‍റെ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദൾ പോലും കമല്‍നാഥിനെതിരെ വിമർശനമുന്നയിച്ചു. പ്രാദേശിക സംഘർഷങ്ങൾക്ക് വഴിവെക്കുന്ന പ്രസ്താവനകൾ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ആർജെഡി വക്താവ് ഭായ് വിരേന്ദ്ര പറഞ്ഞു. ബിജെപിയുടെ ബീഹാറിലെ സഖ്യകക്ഷിയായ ജെഡിയുവും  ഈ പ്രസ്താവനയെ അപലപിച്ചു കൊണ്ട് രംഗത്തുവന്നു. കേന്ദ്രത്തിലെ ബിജെപിയിൽ നിന്നും ഇന്ത്യൻ ഭരണഘടനയ്ക്കുള്ള ഭീഷണിയെപ്പറ്റി പേർത്തും പേർത്തും വ്യാകുലപ്പെടുന്ന രാഹുൽ ഗാന്ധി,തന്റെ   സ്വന്തം പാർട്ടിയുടെ ഒരു നേതാവ് ഇത്തരത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ അപഹസിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്നത് കാണുന്നില്ലേ എന്നദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉപജീവനം നയിക്കുന്ന ബീഹാർ/യുപി സ്വദേശികൾ അതാത് സംസ്ഥാനങ്ങളുടെ വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് വിസ്മരിക്കാവുന്നതല്ലെന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങും വ്യക്തമാക്കി. കമൽനാഥും രാഹുൽ ഗാന്ധിയും നിരുപാധികം രാഷ്ട്രത്തോടുതന്നെ മാപ്പുപറയണം എന്നദ്ദേഹം ആവശ്യപ്പെട്ടു. 

എന്നാൽ, മറ്റു സംസ്ഥാനക്കാരായ തൊഴിലാളികളെ അടിച്ചോടിക്കണമെന്ന് കമൽ നാഥ് പറഞ്ഞിട്ടില്ലെന്നും. തൊഴിലില്ലായ്മയിൽ വലയുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം പകരാൻ വേണ്ടുന്ന കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും മധ്യപ്രദേശിലെ കോൺഗ്രസ്സ് വക്താവായ കൊക്കാബ് കാദരി വിശദീകരിച്ചു.

click me!