
കോഴിക്കോട്: ശബരിമലയിലെ അക്രമങ്ങളിൽ ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയ്ക്കും ആർഎസ്എസ്സിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ നട തുറക്കുന്നതിന് മുമ്പ് ചർച്ച നടത്താൻ തന്ത്രികുടുംബത്തെ വിളിച്ചിട്ടും അവർ വരാതിരുന്നത് ബിജെപിയുടെ ഇടപെടൽ മൂലമാണ്. യുവമോർച്ച യോഗത്തിനിടെ പി.എസ്.ശ്രീധരൻപിള്ള നടത്തിയ പ്രസംഗത്തോടെ ആ ഗൂഢാലോചന തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ തന്ത്രിമാർക്കുള്ള അംഗീകാരത്തിൽ എതിർപ്പില്ല. എന്നാൽ അവരുടെ നിലപാടുകൾ ആരാധനാലയങ്ങളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതായിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'ശബരിമലയിൽ ആർഎസ്എസ് നുണ പറയുകയും പ്രചരിപ്പിക്കുകയുമായിരുന്നു. സംഘപരിവാർ ശബരിമലയെ സംഘർഷഭൂമിയാക്കാൻ ശ്രമിയ്ക്കുകയാണ്. ചോറൂണിന് കുഞ്ഞിനെക്കൊണ്ട് വന്നവരെപ്പോലും ആക്രമിച്ചു. ക്ഷേത്രസന്നിധിയായതിനാൽ പൊലീസിനെ വിന്യസിക്കുന്നതിൽ സർക്കാരിന് പരിമിതിയുണ്ടായിരുന്നു. എങ്കിലും പരമാവധി സുരക്ഷ സർക്കാർ ഒരുക്കി.' മുഖ്യമന്ത്രി വ്യക്തമാക്കി.
കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായ പരിഹാസമാണ് നടത്തിയത്. 'ആർഎസ്എസ്-ബിജെപി ഗൂഢാലോചനയിൽ കോൺഗ്രസ് വീണു' എന്ന് ശ്രീധരൻപിള്ള പ്രസ്താവന നടത്തിയിട്ട് പോലും ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ചിട്ടില്ല. കേരളത്തിലെ വിശ്വാസിസമൂഹത്തെ മൊത്തം കൈപ്പിടിയിലാക്കിക്കളയാമെന്ന് ശ്രീധരൻപിള്ളയും മറ്റാരും കരുതണ്ട.' മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam