പൊലീസിന്‍റെ കണക്ക് കൂട്ടൽ തെറ്റിച്ച് ശബരിമല കയ്യടക്കി ബിജെപി ആർഎസ്എസ് പ്രവർത്തകർ

By Web TeamFirst Published Nov 6, 2018, 2:26 PM IST
Highlights

സന്നിധാനത്ത് ബിജെപി ആർഎസ്എസ് നേതാക്കൾ ക്യാമ്പ് ചെയ്താണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. പലപ്പോഴും പ്രതിഷേധക്കാരെ നിലയ്ക്ക് നിർത്താൻ പൊലീസിന് കഴിയുന്നില്ല.

ശബരിമല: സന്നിധാനത്ത് ബിജെപി ആർഎസ്എസ് നേതാക്കൾ ക്യാമ്പ് ചെയ്താണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. പലപ്പോഴും പ്രതിഷേധക്കാരെ നിലയ്ക്ക് നിർത്താൻ പൊലീസിന് കഴിയാത്ത സ്ഥിതി വിശേഷമാണുള്ളത്. അതിരുവിടുമ്പോൾ ആർഎസ്എസ് നേതാക്കളുടെ സഹായത്തോടെയാണ് പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിക്കുന്നത്.

ഇന്നലെ നട തുറക്കുന്നതിന് മുമ്പ് തന്നെ മുതിർന്ന ബിജെപി, ആർഎസ്എസ് നേതാക്കൾ സന്നിധാനത്ത് എത്തിയിരുന്നു. നേരത്തെയുള്ള നിർദേശമനുസരിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരും എത്തി. ഈ സംഘമാണ് സന്നിധാനത്ത് സംഘടിതമായ പ്രതിഷേധങ്ങൾ നടത്തിയത്. പ്രതിഷേധക്കാർക്ക് എല്ലാവിധ നിർദേശങ്ങളും നൽകി നേതാക്കളും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.

തൃശൂരിൽ നിന്നെത്തിയ സ്ത്രീയ തടഞ്ഞ സമയം പതിനെട്ടാംപടിയിൽ കുത്തിയിരുന്നായിരുന്നു ഈ സംഘത്തിന്‍റെ പ്രതിഷേധം. പ്രതിഷേധങ്ങൾ അതിരുവിടുമ്പോൾ പലപ്പോഴും പൊലീസ് നിസ്സഹായരായിരുന്നു. ഈ ഘടത്തിൽ ആർഎസ്എസ് നേതാക്കളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

സാധാരണ ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുമ്പോൾ എത്തുന്നതിന്‍റെ മൂന്നിരട്ടിയിലധികം പേരാണ് ഇത്തവണ എത്തിയത്. ബിജെപി, ആർഎസ്എസ് പ്രവർത്തകർ കൂട്ടമായി എത്തിയതാണ് പൊലീസിന്‍റെ കണക്ക് കൂട്ടൽ തെറ്റിച്ചത്.

click me!