മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തടയുമെന്ന് ബിജെപി: കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

By Web TeamFirst Published Dec 2, 2018, 10:11 AM IST
Highlights

ചെങ്ങന്നൂരിലെ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരെ വഴി തടയാനാണ് ബിജെപി നീക്കം. ഇതു തടയാനായി നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചത്. 

ആലപ്പുഴ: ബിജെപിയുടെ വഴിതടയല്‍ സമരത്തെ നേരിടാന്‍ പൊലീസ് നടപടികളാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും വഴി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഴുവന്‍ മന്ത്രിമാരുടേയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാര്‍ക്കും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും പൈലറ്റ് വാഹനങ്ങളേയും വിന്യസിച്ചു. 

അതേസമയം കര്‍ശനമായ പ്രതിരോധം തീര്‍ക്കുമെന്നും മന്ത്രിമാരെ വേദിയിലെത്താന്‍ സമ്മതിക്കില്ലെന്നുമാണ് ബിജെപിയുടെ മുന്നറിയിപ്പ്. ഇന്ന് രാവിലെ പതിനൊന്നിന് ചെങ്ങന്നൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരെ വഴി തടയാനാണ് ബിജെപി നീക്കം. ഇതേ തുടര്‍ന്ന് 250----ഓളം പൊലീസ് ഉദ്യോഗസ്ഥരെ ചെങ്ങന്നൂരില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ പരിപാടിക്ക് ശേഷം ആലപ്പുഴയിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത്. ഇവിടെയും ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 

കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസിൽ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ വഴി തടയൽ സമരം. പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് വീട് നിര്മ്മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനചടങ്ങാണ് ചെങ്ങന്നൂരിലെ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളേജില്‍ നടക്കുന്നത്. ഇവിടേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ബിജെപിയുടെ തീരുമാനം. 

click me!