
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി ബിജെപി. വരുന്ന എട്ടാം തിയതി കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്തും. പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ബിജെപി നിലപാടെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിച്ച് ബിജെപി നടത്തുന്ന സമരം പാർട്ടി നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വരുന്ന അഞ്ചാം തിയതിയും മണ്ഡലകാലത്തിലും സ്വീകരിക്കേണ്ട തുടർസമരപരിപാടികളാണ് കൊച്ചിയിൽ ചേരുന്ന സംസ്ഥാന നേതൃ യോഗത്തിൽ ചർച്ചയാകുന്നത്. പ്രതിഷേധം സജീവമാക്കി മുന്നോട്ട് പോകുന്നത് വഴി സംസ്ഥാന സർക്കാരിനെ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യം. പുനപരിശോധനാ ഹർജി അപൂർവ്വങ്ങളിൽ അപൂർവ്വമായെ കോടതി സ്വീകരിക്കാറൂള്ളൂയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.
നിലവിലെ അനുകൂല സാഹചര്യത്തിൽ ലോക്സഭ മത്സര ചിത്രത്തിലും പാർട്ടി സജീവമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നാമജപ പ്രാർത്ഥനാ യജ്ഞവുമായി മുന്നോട്ട് പോകാൻ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. സമരപരിപാടികൾ തീരുമാനിക്കുന്നതിന് പന്തളം കൊട്ടാരം പ്രതിനിധി ഉൾപ്പടെ പങ്കെടുക്കുന്ന യോഗം കോട്ടയത്ത് പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam