ശബരിമല, പമ്പ, നിലയ്ക്കല്‍ വനഭൂമികളില്‍ നിര്‍മ്മാണം പാടില്ല: ഉന്നതാധികാര സമിതി

By Web TeamFirst Published Nov 1, 2018, 12:28 PM IST
Highlights

ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്ന് ഉന്നതാധികാര സമിതി. ഉന്നതാധികാര സമിതി സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍‌മ്മിക്കാന്‍ അനുവദിക്കരുത് എന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

 

ദില്ലി: ശബരിമലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ഉത്തരവിടണം  എന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ പുനർനിർമ്മിക്കാൻ അനുമതി നൽകരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഇടക്കാല റിപ്പോർട്ട് സുപ്രീംകോടതി നാളെ പരിഗണിക്കും. 

ശബരിമലയിൽ മാസ്റ്റർ പ്ലാൻ ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നെന്നാണ് ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട്.  അനുമതി ലഭിച്ച പല നിർമ്മാണങ്ങളും മാസ്റ്റർ പ്ലാനിന്‍റെ ഭാഗമല്ല . പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിർമ്മാണം പ്രളയദുരിതത്തിന്‍റെ ആക്കം കൂട്ടി.  ഇതിനാൽ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലെ വന ഭൂമിയിൽ  നിർമ്മാണ പ്രവർത്തനങ്ങൾ നി‌ർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇടക്കാല ഉത്തരവ് ഉടൻ വേണമെന്ന്  സമിതി സെക്രട്ടറി അമർനാഥ് ഷെട്ടി ആശ്യപ്പെട്ടു.

അന്തിമ മാസ്റ്റർ പ്ലാൻ തയ്യാർ ആകുന്നത് വരെ  കുടിവെള്ള വിതരണം, ശൗചാലയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർമ്മാണം മാത്രമേ അനുവദിക്കാവൂ. പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമ്മിക്കാനോ, അറ്റകുറ്റപണി നടത്താനോ ഇപ്പോൾ അനുമതി നൽകരുത്.  അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്ക് എതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് റിപ്പോർട്ട് പരിഗണിക്കുക. പരിസ്ഥിതി പ്രവർത്തകൻ  ശോഭീന്ദ്രൻ നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി പരിശോധനയ്ക്ക് ഉന്നതാധികാര സമിതി നിയോഗിച്ചത്.

click me!