ശബരിമല: കേന്ദ്രം ഇടപെട്ടു, സമരം ശക്തമാക്കാന്‍ ബിജെപി, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിതടയും

By Web TeamFirst Published Dec 1, 2018, 4:49 PM IST
Highlights

ശബരിമല സമരത്തിൽ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നു. സമരം മയപ്പെടുത്തിയതിൽ അതൃപ്തി അറിയിച്ച ദേശീയ നേതൃത്വം സമരം ശക്തമാക്കാൻ നിർദ്ദേശിയ്ക്കുകയായിരുന്നു.

ദില്ലി: ശബരിമല സമരത്തിൽ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നു. സമരം മയപ്പെടുത്തിയതിൽ അതൃപ്തി അറിയിച്ച ദേശീയ നേതൃത്വം സമരം ശക്തമാക്കാൻ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ബിജെപി സംസ്ഥാന ജന. സെക്രട്ടറിമാരായ എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ വാർത്താ സമ്മേളനത്തിന് പിന്നിലും കേന്ദ്ര ഇടപെടലുണ്ടായി.

കെ സുരേന്ദ്രനെതിരെ കള്ളക്കേസുകള്‍ എടുത്ത് പീഡിപ്പിക്കന്നതിനെതിരെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി വ്യക്തമാക്കി. കേന്ദ്ര നേതാക്കള്‍ എത്തുന്നതോടെ സമരത്തിന് ദേശീയ പരിപ്രേക്ഷ്യം ഉണ്ടാകുമെന്നും  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിന് സൗകര്യമുണ്ടാക്കുന്ന ഹൈക്കോടതി സമിതിയുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യും. ഹൈക്കോടതിയുടെ സമിതിയുണ്ടായാലും ആചാരം സംരക്ഷിക്കാന്‍ ബിജെപി ഭക്തര്‍ക്കൊപ്പമുണ്ടാകുമെന്നും എം ടി രമേശ് വ്യക്തമാക്കി.

അതേസമയം ഭീഷണിയുമായാണ് ബിജെപി ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ രംഗത്തെത്തിയത് സുരേന്ദ്രന് എതിരായ കേസുകൾ വലിയ അപകടത്തെ ആണ് ക്ഷണിച്ച് വരുത്തുന്നത്. എന്നും സംസ്ഥാനത്തിന്റെ  ക്രമസമാധാനനില  തകരാറിലായാൽ  ഉത്തരവാദിത്തം  മുഖ്യമന്ത്രിക്കായിരിക്കുമെന്നും സമരം ശക്തമാക്കുന്നതിന്‍റെ സൂചനകള്‍ നല്‍കി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നാളെ ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയെ വഴി തടയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ  നേതൃത്വത്തിന്റെ  ഇടപെടൽ  ഉണ്ടായോ എന്ന ചോദ്യത്തിന്  വ്യക്തമായി മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും സമരം ശക്തമാക്കുമെന്ന് എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ദേശീയ മഹിളാ മോര്‍ച്ച അധ്യക്ഷ സരോജ പാണ്ഡെയുടെ  നേതൃത്വത്തിലായിരിക്കും സമര പരിപാടികളെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ദേശീയ വനിതാ നേതാക്കളെ എത്തിച്ച് സ്ത്രീകളെ അണിനിരത്താനാണ് ബിജെപി നീക്കം.  ഒപ്പം ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് ശക്തമായ സന്ദേശം നല്‍കണമെന്നും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ രാഷ്ട്രീയത്തിലടക്കം സ്വാധീനമുണ്ടാകുന്ന തരത്തില്‍ സമരം ശക്തമാക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും കെ സുരേന്ദ്രന്‍റെ അറസ്റ്റോടെ സമരം തണുത്തുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം  മറനീക്കി പുറത്ത് വന്നതും കേന്ദ്രനേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം  നടന്ന യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായെന്നാണ് വിവരം. സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനവും സമരത്തിന്‍റെ ശക്തി കുറച്ചു. തുടര്‍ന്ന് സമരം തണുത്തുവെന്ന തോന്നല്‍ സര്‍ക്കാറിനും ബിജെപി അണികള്‍ക്കും ഉണ്ടായി. അതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും ബിജെപിക്ക് തിരിച്ചടിയായി. ഇത് മറികടന്ന് ശബരിമല വിഷയം കൂടുതല്‍ സജീവമായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.

Read more:  "യതീഷ് ചന്ദ്രക്ക് ‍ഞങ്ങളുടെ വകയും പുരസ്‌കാരമുണ്ട്"; ഭീഷണിയുമായി എ എന്‍ രാധാകൃഷ്ണന്‍

click me!