സ്വകാര്യ റിസോര്‍ട്ട് വക നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന

By Web TeamFirst Published Aug 5, 2018, 9:08 AM IST
Highlights

പുന്നമടക്കായലിനോട് ചേര്‍ന്ന റമ്ദ ഹോട്ടലാണ് റിസോര്‍ട്ടിന് മുകളില്‍ പ്രത്യേകം ഗ്യാലറികള്‍ കെട്ടി സര്‍ക്കാര്‍ പരിപാടി, സ്വകാര്യ ലാഭത്തിനായി പ്രത്യേകം ടിക്കറ്റുണ്ടാക്കി പരസ്യമായി വില്‍പന നടത്തുന്നത്. 

ആലപ്പുഴ: ആഗസ്ത് പതിനൊന്നിന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകള്‍ സ്വകാര്യ റിസോര്‍ട്ട് അനധികൃതമായി വില്‍പ്പന നടത്തുന്നു. പുന്നമടക്കായലിനോട് ചേര്‍ന്ന റമ്ദ ഹോട്ടലാണ് റിസോര്‍ട്ടിന് മുകളില്‍ പ്രത്യേകം ഗ്യാലറികള്‍ കെട്ടി സര്‍ക്കാര്‍ പരിപാടി, സ്വകാര്യ ലാഭത്തിനായി പ്രത്യേകം ടിക്കറ്റുണ്ടാക്കി പരസ്യമായി വില്‍പന നടത്തുന്നത്. റിസോര്‍ട്ടിനെതിരെ നിയമനടപടിയാവശ്യപ്പെട്ട് ആലപ്പുഴ സബ്കലക്ടര്‍ കൃഷ്ണ തേജ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കി.. 

രണ്ട് കോടിയിലേറെ രൂപയാണ് നെഹ്റുട്രോഫി വള്ളം കളി നടത്താന്‍ സര്‍ക്കാരിന് ചെലവ്. കഴിഞ്ഞ തവണ ടിക്കറ്റ് വിറ്റ് ആകെ കിട്ടിയത് ഒരു കോടി രൂപയില്‍ താഴെ മാത്രം. അതിനിടയിലാണ് പുന്നമട കായലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റംദ റിസോര്‍ട്ടിന്‍റെ വക ഈ പരസ്യം. ഹോട്ടലിന്‍റെ മുകളിലെ ഗ്യാലറിയിലിരുന്ന് വള്ളംകളികാണാന്‍ 3000 രൂപ. വളളംകളിയുടെ ടിക്കറ്റ് വില്‍പന നടത്താനുളള വള്ളംകളി സംഘാടക സമിതിയെ മറികടന്നുകൊണ്ടുള്ള അനധികൃത കച്ചവടം. ഫേസ്ബുക്കിലെ പരസ്യം കണ്ട് വിളിച്ച് നോക്കി. സീറ്റുകളെല്ലാം നേരത്തെ ബുക്കിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞെന്ന്.

ചോദിക്കുന്നവരോട് ഒക്കെ തീര്‍ന്നെന്ന് മറുപടി.  വിഷയം ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴ സബ്കലക്ടര്‍ കൃഷ്ണ തേജ് നടപടിയാവശ്യപ്പെട്ട് എസ്പിയെ സമീപിച്ചു. മുന്നൂറ്റി അമ്പത് പേരില്‍‍ നിന്ന് 3000 രൂപ വാങ്ങിയാണ് പ്രത്യേക ടിക്കറ്റും പ്രത്യേക ഗ്യാലറിയും സ്വാകാര്യ റിസോര്‍ട്ട് ഒരുക്കുന്നത്. എന്നാല്‍ വള്ളംകളി മാത്രമുള്ള ടിക്കറ്റ് അല്ല ഇതെന്നും ഒരു പാക്കേജാണെന്നുമാണ് റംദാ റിസോര്‍ട്ടിന്‍റെ വിശദീകരണം.

click me!