4,857 കോടി ചെലവില്‍ രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലം തയ്യാര്‍; ഉദ്ഘാടനം ഡിസംബര്‍ 25ന്

By Web TeamFirst Published Dec 5, 2018, 5:50 PM IST
Highlights

1997 ജനുവരിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡയാണ് പാലത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും എ ബി വാജ്‌പേയിയുടെ കാലത്താണ് നിർമ്മാണം തുടങ്ങിയത്. 

ദില്ലി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലമായ ബോഗിബീല്‍  ഡിസംബർ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. അന്നേ ദിവസം തന്നെ ജനങ്ങൾക്കായി പാലം തുറന്ന് കൊടുക്കും.

അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍-റോഡ് പാതകള്‍ ബന്ധിപ്പിച്ചാണ്  4.94 കിലോമീറ്റർ നീളമുള്ള ഭീമൻ പാലം നിർമ്മിച്ചിരിക്കുന്നത്. അരുണാചല്‍പ്രദേശില്‍നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര ലഘൂകരിക്കാൻ ബോഗിബീല്‍ മേൽപ്പാലം ഉപകാരപ്രദമാകും. ഇപ്പോൾ അരുണാചലിൽ നിന്ന് അസമിലേക്ക് പോകാൻ 500 കിലോമീറ്റർ ദൂരമാണെങ്കിൽ  ഡിസംബർ 25 മുതൽ 100 കിലോമീറ്ററായി ദൂരം കുറയുമെന്നാണ് അധികൃതർ പറയുന്നത്.

വടക്കുകിഴക്കന്‍ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മ്മാണമെങ്കിലും ചൈനീസ് അതിര്‍ത്തിയിലെ സൈനിക നീക്കം വേഗത്തിലാക്കുകയെന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. നദിക്ക് 32 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 1997 ജനുവരിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡയാണ് പാലത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും വാജ്‌പേയിയുടെ കാലത്താണ് നിർമ്മാണം തുടങ്ങിയത്. 
 

click me!