Latest Videos

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാട്: ക്രിസ്ത്യൻ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Dec 5, 2018, 4:59 PM IST
Highlights

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യൻ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇടപാടുമായി ബന്ധപ്പെട്ട് ദുബൈയിലെ രണ്ട് അക്കൗണ്ടുകളിൽ കമ്മീഷനായി എത്തിയത് 240 കോടി രൂപയെന്ന് സിബിഐ കോടതിയെ അറിയിച്ചു

ദില്ലി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യൻ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇടപാടുമായി ബന്ധപ്പെട്ട് ദുബൈയിലെ രണ്ട് അക്കൗണ്ടുകളിൽ കമ്മീഷനായി എത്തിയത് 240 കോടി രൂപയെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇന്നലെ രാത്രിയാണ് ദുബായില്‍  നിന്ന് ക്രിസ്ത്യന്‍ മിഷേലിനെ ദില്ലിയില്‍ എത്തിച്ചത്. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു. ദില്ലി സിബിഐ കോടതിയാണ് ക്രിസ്ത്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. 

വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതിനായി അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്നു  മിഷേൽ ഇരുന്നൂറ്റി ഇരുപത്തിയഞ്ചുകോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് 2016 ല്‍ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്,  മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്നിവര്‍ക്ക് വേണ്ടിയാണ് മിഷേൽ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍. മിഷേലിനെതിരെ ഡൽഹി പട്യാല ഹൌസ് കോടതി 2017 ജനുവരിയിൽ ജാമ്യമില്ലാ വാറണ്ട്  പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇൻറർപോളിൻറെ സഹായത്തോടെയാണ് ദുബായിൽ വച്ച് മിഷേലിനെ അറസ്റ്റു ചെയ്തത്. 12 വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് 2010-ല്‍ അഗസ്റ്റ വെസ്റ്റലാൻഡുമായി ഇന്ത്യ ഒപ്പിട്ടിരുന്നത്. യുപിഎ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളിൽ പ്രധാനപ്പെട്ടതാണ് അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസ്. 

click me!