
മോസ്കോ: നിര്‍ണായക മത്സരത്തില്‍ ഇന്നലെ സെര്‍ബിയയെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ ഒമ്പതാം മിനിറ്റില്‍ തന്നെ മഞ്ഞപ്പടയ്ക്ക് തിരിച്ചടി നേരിട്ടു. യൂറോപ്യന്‍ ടീമന്‍റെ ഭാഗത്ത് നിന്നല്ല, മറിച്ച് സൂപ്പര്‍ താരം മാഴ്സലോയുടെ പരിക്കിന്‍റെ രൂപത്തിലാണ് ടിറ്റെയെയും കൂട്ടരെയും വിധി പരീക്ഷിച്ചത്. മെെതാനത്ത് തുടരാന്‍ സാധിക്കാതെയായതോടെ ഒമ്പതാം മിനിറ്റില്‍ തന്നെ മാഴ്സലോയെ പിന്‍വലിച്ച് ഫിലിപ്പെ ലൂയിസിനെ ബ്രസീലിന് കളത്തിലിറക്കേണ്ടി വന്നു.
ഇന്നലത്തെ മത്സരത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ സാധിച്ചെങ്കിലും മാഴ്സലോയുടെ പരിക്ക് വരുന്ന മത്സരങ്ങളില്‍ കാനറികള്‍ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ആ ആശങ്കയില്‍ ലോകമെങ്ങുമുള്ള മഞ്ഞപ്പടയുടെ ആരാധകര്‍ ഇരിക്കുമ്പോള്‍ മാഴ്സലോയ്ക്ക് എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ടീമിന്‍റെ ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍. കളിക്കിടയിലോ പരിശീലന സമയത്തോ ഏറ്റ പരിക്കല്ലത്രേ മാഴ്സലോയ്ക്ക്.
റഷ്യയില്‍ ടീം താമസിച്ച ഹോട്ടലിലെ കിടക്കയുടെ പ്രശ്നമാണ് റയല്‍ മാഡ്രിഡ് താരത്തെ കുടുക്കിയതെന്നാണ് ലാസ്മാര്‍ പറയുന്നത്. ഇത് മൂലമുണ്ടായ നടുവിന് വേദനയാണ് മാഴ്സലോയുടെ പ്രശ്നം. മറ്റുള്ള പരിക്ക് പോലെ എത്ര നാള്‍ താരം പുറത്തിരിക്കേണ്ടി വരുമെന്നൊന്നും ഇതിന് പറയാനാകില്ല. പരിശോധനകളും ചികിത്സകളും നടത്തുന്നുണ്ട്. നടുവിന്‍റെ വേദന മാറുന്നതോടെ താരത്തിന് പരിശീലനം തുടങ്ങാന്‍ സാധിക്കും. മാഴ്സലോയ്ക്ക് പരിക്കുകള്‍ ഇല്ലെന്നും മസിലുകള്‍ക്ക് വേദന മാത്രമാണെന്നും ലാസ്മാര്‍ പറഞ്ഞു.
മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ മുഖ്യ കണ്ണിയാണ് മാഴ്സലോ. ഡിഫന്‍സില്‍ ഒതുങ്ങി നില്‍ക്കാതെ പന്തുമായി ആക്രമണത്തിന് കുതിച്ചെത്തുന്ന താരത്തിന്‍റെ സേവനം മുന്നേട്ടുള്ള കാനറികളുടെ കുതിപ്പിന് നിര്‍ണായകമാണ്. അതേസമയം, ലോകകപ്പില്‍ സെര്‍ബിയക്കെതിരായ മത്സരത്തിലേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് മാര്‍സലോ ട്വിറ്ററില്‍ കുറിച്ചു. മൈതാനത്ത് ഉടന്‍ തിരിച്ചെത്തുമെന്നും ടീം വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും ലെഫ്റ്റ് ബാക്ക് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam